സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി:10 ജില്ലാ സമ്മേളനങ്ങളിലെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തേക്കും

തിരുവനന്തപുരം ∙ സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് കണ്ണൂരിൽ തുടക്കമായി. അധികാര സ്ഥാനത്തിനു വേണ്ടിയുള്ള വെട്ടിനിരത്തൽ താഴേത്തട്ടിൽ തലവേദന സൃഷ്ടിച്ച സാഹചര്യത്തിനിടെ , ലോക്കൽ, ഏരിയ തലങ്ങളിൽ വ്യക്തിപരമായ തർക്കങ്ങളുടെ പേരിലുണ്ടായ മത്സരങ്ങൾ ജില്ലാതലത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയിലാണ് സംസ്ഥാന നേതൃത്വം. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നേരിട്ടുള്ള നിയന്ത്രണത്തിലാകും സമ്മേളനങ്ങൾ‌. 10 ജില്ലാ സമ്മേളനങ്ങളിലെങ്കിലും മുഖ്യമന്ത്രി പങ്കെടുത്തേക്കും.

നേതൃതലത്തിൽ ചോദ്യം ചെയ്യപ്പെടാതെ പരസ്പര ധാരണയോടുകൂടി മുഖ്യമന്ത്രിയും കോടിയേരിയും മുന്നോട്ടു പോകുമ്പോൾ താഴേത്തട്ടിൽ കാര്യങ്ങൾ അത്ര പന്തിയല്ല. പല ജില്ലകളിലും നേതാക്കളുടെ തമ്മിലടി രൂക്ഷമാണ്. മുൻപ് ആശയങ്ങളുടെ പേരിലായിരുന്നു പാർട്ടി കമ്മിറ്റികളിൽ മത്സരം ഉണ്ടായതെങ്കിൽ ഇപ്പോൾ അധികാരത്തിനു വേണ്ടിയാണ് വ്യക്തികൾ തമ്മിലുള്ള മത്സരമെന്നത് പാർട്ടി ഗൗരവത്തോടെ കാണുന്നു. നേതാക്കളിൽ അധികാരമോഹം വർധിക്കുന്നതായുള്ള പാർട്ടി വിലയിരുത്തലിനിടെയാണ് പ്രാദേശിക തലത്തിൽ മത്സരം മുറുകുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ മത്സരങ്ങൾ ലോക്കൽ, ഏരിയ തലങ്ങളിൽ നടന്നത്.

സിപിഎം കുഴൽമന്ദം ഏരിയ കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ, നിലവിൽ കമ്മിറ്റി അംഗമായിരുന്ന കോങ്ങാട് എംഎൽഎ ശാന്തകുമാരി പുറത്തായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിയെ പിന്തുണയ്ക്കുന്നവർക്കാണ് മേൽക്കൈ ലഭിച്ചത്. കമ്മിറ്റി അംഗങ്ങളുടെ ഔദ്യോഗിക പാനലിൽ ശാന്തകുമാരിയും ഉണ്ടായിരുന്നു.പാനലിനെതിരെ 6 പേർ മത്സരിച്ചപ്പോൾ 3 പേർ ജയിച്ചു. ചെർപ്പുളശേരി ഏരിയ കമ്മിറ്റിയിൽ ഔദ്യോഗിക പാനലിനു ബദലായി മത്സരിച്ച, പി.കെ.ശശിയെ പിന്തുണയ്ക്കുന്ന 13 പേർ വിജയിച്ചു. ഏരിയ സെക്രട്ടറി കെ.ബി.സുഭാഷ് ഉൾപ്പെടെ പുറത്തായി. പി.കെ.ശശി വിഭാഗത്തിന് 21 അംഗങ്ങളിൽ 18 പേരുടെ പിന്തുണ ലഭിച്ചു. വിഭാഗീയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പുതുശേരി ഏരിയ സമ്മേളനം മാറ്റേണ്ടി വന്നു

ബഹളത്തിലും കയ്യാങ്കളിയിലും എത്തിയതിനെത്തുടർന്ന് നിർത്തിവയ്ക്കുകയും പിന്നീട് ഔദ്യോഗിക പക്ഷം മറ്റൊരിടത്തു നടത്തുകയും ചെയ്ത വാളയാർ ലോക്കൽ സമ്മേളനം ജില്ലാ–സംസ്ഥാന നേതൃത്വം ഇടപെട്ട് റദ്ദാക്കി. കമ്മിറ്റി വിഭജനത്തെച്ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. പിന്നീട് നടത്തിയ മത്സരത്തിൽ ഔദ്യോഗിക പാനലിലെ 3 പേർ പുറത്തായി. കൊല്ലങ്കോട്ട് 21 അംഗ ഏരിയ കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽഔദ്യോഗിക പാനലിലെ 11 പേർ പരാജയപ്പെട്ടു. പാലക്കാട് ജില്ലാ സമ്മേളനം ഡിസംബർ 31, ജനുവരി 1, 2 തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.

ആലപ്പുഴയിൽ രാമങ്കരി ലോക്കൽ കമ്മറ്റിയു‌ടെ കീഴിൽ ബ്രാഞ്ച് സമ്മേളനങ്ങളുമായി ബന്ധപ്പെട്ട തർക്കത്തിലും തുടർന്നുണ്ടായ സംഘർഷത്തിലും രണ്ടു പേർക്കുപരുക്കേറ്റു. മർദനമേറ്റവരുടെ നേതൃത്വത്തിൽ, ബ്രാഞ്ച് സെക്രട്ടറി ശരവണനെ കാർ തടഞ്ഞു നിർത്തി മർദിച്ചു കാർ തകർത്തു. ശരവണന്റെ വീട്ടിലിരുന്ന സ്കൂട്ടറും കത്തിച്ചു. അതേസമയം, ഈ സംഭവം ശരവണൻ തന്നെ കെട്ടിച്ചമച്ചതാണെന്നാണ് എതിർവിഭാഗം പറയുന്നത്. ആലപ്പുഴ ഏരിയ കമ്മിറ്റിക്കു കീഴിലെ കളപ്പുര ബ്രാഞ്ച് സമ്മേളനത്തിന് കമ്മിറ്റി പ്രതിനിധിയായി പങ്കെടുത്ത മുതിർന്ന നേതാവും മുൻ നഗരസഭാധ്യക്ഷയുമായ മേഴ്സി ഡയാന മാസിഡോയ്ക്ക് നേരേ കയ്യേറ്റ ശ്രമമുണ്ടായി.

മാന്നാർ ഏരിയ സമ്മേളനത്തിൽ മത്സരമുണ്ടായി. നാലു പേർ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ചു വിജയിച്ചു. പൊന്നാനിയിലും പേരാമ്പ്രയിലും കക്കോടിയിലും കോഴിക്കോട് സൗത്തിലും മത്സരമുണ്ടായി. തിരുവനന്തപുരത്ത് വിളപ്പിലിൽ ബ്രാഞ്ച് സെക്രട്ടറിമാർ തെരുവിൽ തമ്മിലടിച്ചു സസ്പെൻഷൻ നടപടി നേരിട്ടു. വർക്കലയിൽ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിനും നേതാക്കളുടെ സസ്പെൻഷനുമാണ് ഏരിയ സമ്മേളനം വഴിവച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →