ദുബായ്: ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നോര്‍വേയുടെ മാഗ്നസ് കാള്‍സെന്‍ കിരീടം നിലനിര്‍ത്തി. ലോക ചാമ്പ്യനെ കിരീടത്തില്‍ വെല്ലുവിളിക്കാനുള്ള കാന്‍ഡിഡേറ്റ് ജേതാവായ റഷ്യയുടെ നിപോംനിഷിനെയാണു ദുബായില്‍ നടന്ന ഫൈനലില്‍ കാള്‍സെന്‍ മുട്ടുകുത്തിച്ചത്.
11-ാം റൗണ്ടില്‍ ജയിച്ചതോടെ 3.5 പോയിന്റിനെതിരേ 7.5 പോയിന്റ് നേടാന്‍ കാള്‍സെനായി. 14 റൗണ്ട് പോരാട്ടങ്ങളില്‍ 10 എണ്ണം കഴിഞ്ഞപ്പോള്‍ 6.5 പോയിന്റുമായി കാള്‍സെന്‍ കിരീടം ഉറപ്പാക്കിയിരുന്നു. ഇന്നലെ നടന്ന 11-ാം റൗണ്ടിന്റെ 11ാം ഗെയിമില്‍ നിപോംനിഷി അടിയറ പറഞ്ഞു. ” നോ ഐഡിയ” എന്നായിരുന്നു മത്സരത്തിനു ശേഷം നിപോംനിഷിയുടെ പ്രതികരണം.
എട്ട്, ഒന്‍പത്, 11 ഗെയിമുകളില്‍ റഷ്യന്‍ താരം വരുത്തിയ പിഴവുകളാണു തോല്‍വിക്കു കാരണമെന്നു ചെസ് നിരൂപകര്‍ വിലയിരുത്തി. 11 റൗണ്ടിലും കാള്‍സനെ ജയിക്കാതെ ഏഴ് സമനിലകളിലൂടെ ലഭിച്ച 3.5 പോയിന്റാണ് നിപോംനിഷിക്കുള്ളത്. കിരീടത്തിലേക്ക് ഒരു പോയിന്റ് മാത്രമെന്ന അവസ്ഥയിലാണു 11-ാം റൗണ്ട് തുടങ്ങിയത് ( ജയിച്ചാല്‍ ഒരു പോയിന്റ്, സമനിലയ്ക്ക് അര പോയിന്റ്).നോര്‍വെ താരത്തിന്റെ തുടര്‍ച്ചയായ അഞ്ചാം കിരീടമാണിത്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് കിരീടങ്ങള്‍ എന്ന നേട്ടത്തില്‍ ഇന്ത്യയുടെ ചെസ് വിശ്വനാഥന്‍ ആനന്ദിനൊപ്പമെത്താന്‍ കാള്‍സെനായി. റഷ്യയുടെ മിഖയില്‍ ബോട്ട് വിനിക്കും അഞ്ച് തവണ ലോക കിരീടം നേടിയ താരമാണ്.
അനാറ്റോളി കാറപ്പോവ്, ഗാരി കാസ്പറോവ്, എമ്മാനുവല്‍ ലാസ്‌കര്‍ എന്നിവര്‍ ആറ് തവണ വീതം ലോക ജേതാവായി. 2013 ല്‍ കാള്‍സെന്‍ ആദ്യ കിരീടം നേടിയത് വിശ്വനാഥന്‍ ആനന്ദിനെതിരേ ചലഞ്ചറായാണ് (6.5 3.5). 2014 ല്‍ ആനന്ദ് ചലഞ്ചറായെത്തിയെങ്കിലും കാള്‍സെന്‍ അപരാജിതനായി. (സ്‌കോര്‍: 6.5 -4.5). 2016 ല്‍ ടൈ ബ്രേക്കര്‍ വരെ നീണ്ട പോരാട്ടത്തില്‍ റഷ്യയുടെ സെര്‍ജി കാര്യാകിനെ കീഴടക്കി കിരീടം കാത്തു. 2018 ല്‍ യു.എസിന്റെ ഫാബിയോ കരുവാനയും ടൈ ബ്രേക്കറില്‍ കാള്‍സെനിന്റെ ബുദ്ധിക്കു മുന്നില്‍ അടിയറ പറഞ്ഞു. ആദ്യ റൗണ്ടില്‍ നിപോംനിഷി വെള്ള കരുക്കള്‍ കൊണ്ടാണു കളിച്ചത്. 45-ാം നീക്കം പൂര്‍ത്തിയായപ്പോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു.
രണ്ടാം ഗെയിമില്‍ വെള്ള കരു കാള്‍സന്. 58-ാം നീക്കത്തില്‍ മത്സരം സമനില. മൂന്നാം മത്സരം 41-ാം നീക്കത്തിലും നാലാം ഗെയിം 33-ാം മൂവിലും അഞ്ചാം ഗെയിം 43-ാം നീക്കത്തിലും സമനില. ലോക ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു ആറാം പോരാട്ടം. 136 നീക്കങ്ങള്‍ക്കൊടുവില്‍ കാള്‍സെന്‍ ജയിച്ചു. എതിരാളിയെ തളര്‍ത്തി ജയിക്കുകയെന്ന തന്ത്രം ഫലം കണ്ടു. ഏഴ് മണിക്കൂര്‍ 45 മിനിറ്റാണ് ആറാം മത്സരം നീണ്ടത്. 1978 ല്‍ കാര്‍പ്പോവും വിക്ടര്‍ കോര്‍ച്നോയിയും തമ്മില്‍ നടന്ന 124 നീക്കങ്ങള്‍ എന്ന റെക്കോഡാണു തകര്‍ന്നത്. രണ്ട് ദശലക്ഷം യൂറോയാണു കാള്‍സെനു പ്രതിഫലമായി ലഭിക്കുക.

