ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകൾ

തിരുവനന്തപുരം: ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ 2021 ഡിസംബർ 21 മുതൽ അനിശ്ചിതകാല ബസ് സമരം നടത്തുമെന്ന് ബസ് ഉടമകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് കൂട്ടണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കി. ഇരുപത്തിയൊന്നിന് മുമ്പ് സർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്നും വിദ്യാർഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുളള യാതൊരു ഒത്തുതീർപ്പിനും തങ്ങൾ തയാറല്ലെന്നും ബസുടമകൾ പറഞ്ഞു.

തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ പോലും അംഗീകരിച്ചതാണ്. എന്നിട്ടും ബസ് ചാർജ് വർധനയ്ക്ക് സർക്കാർ തയ്യാറാകുന്നില്ല. ഒരു മാസത്തിനുളളിൽ പരിഹാരമുണ്ടാക്കാമെന്ന് ഗതാഗത മന്ത്രി വാക്ക് തന്നിരുന്നു. ഒന്നും നടക്കാതെ വന്നതോടെയാണ് അനിശ്ചിത കാല സമരത്തിന് തീരുമാനിച്ചതെന്നും ബസ് ഉടമകൾ പറഞ്ഞു.

അതേസമയം ബസ് ചാർജ് വർധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു 2021 ഡിസംബർ 9ന് നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. 9ന് വൈകുന്നേരം നാലിന് തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ വച്ചാണ് ചർച്ച നടത്താനിരുന്നത്. ഇന്ധന വില വർധനവിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസ് ഉടമകളുടെ സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയെ തുടർന്ന് ബസ് ചാർജ് വർധിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു. പിന്നീട് വിദ്യാർത്ഥി സംഘടനകളുമായും ചർച്ച നടത്തി. ഇക്കാര്യത്തിൽ അഭിപ്രായം ആരായുന്നതിനാണ് ബസ് നിരക്ക് നിർദ്ദേശിക്കാൻ ചുമതലപ്പെടുത്തിയിട്ടുള്ള കമ്മിറ്റിയുമായി ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച വിളിച്ചത്.

ബസ് യാത്രാനിരക്ക് വർദ്ധിപ്പിക്കുമ്പോൾ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തരുതെന്നാണ് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നത്. വിദ്യാർത്ഥികളുടെ കൺസെഷൻ ആറ് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. എന്നാൽ ഇത്ര വർധന പറ്റില്ലെന്നും ഒന്നര രൂപയാക്കാമെന്നുമാണ് സർക്കാർ നിലപാട്. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മിനിമം കൺസെഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →