മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്ന് വിടല്‍: കേരളത്തിന്റെ സത്യവാങ്മൂലം ഇന്ന് സുപ്രീം കോടതിയില്‍

തിരുവനന്തപുരം: രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തമിഴ്‌നാട് വെള്ളമൊഴുക്കുന്നതില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഇന്ന് പ്രത്യേക സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറക്കുന്നത് തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.

അണക്കെട്ട് രാത്രി കാലങ്ങളില്‍ തുറക്കുന്നത് പതിവായതോടെ പ്രദേശവാസികളും ദുരിതത്തിലാണ്. രാത്രി വന്‍തോതില്‍ വെള്ളം തുറന്നുവിട്ടതോടെ പെരിയാര്‍ തീരത്തെ വീടുകളില്‍ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, ആറ്റോരം, വികാസ് നഗര്‍, വള്ളക്കടവ് പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. തുടര്‍ന്ന് നാട്ടുകാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.മുല്ലപ്പെരിയാര്‍ ഡാമിന്റെ ഇന്നലെ തുറന്ന ഒമ്പത് ഷട്ടറുകളില്‍ എട്ടും അടച്ചു. നിലവില്‍ ഒരു ഷട്ടറിലൂടെ 142 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. 141.90 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ഒമ്പത് ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തിയിരുന്നു. 12654 ഘനയടി വെള്ളമാണ് ഇന്നലെ പുറത്തേക്കൊഴുക്കിയത്. രാത്രി പത്ത് മണിയോടെ മൂന്ന് ഷട്ടറുകള്‍ അടച്ചു പുറത്തേക്കൊഴുക്കുന്ന ജലത്തിന്റെ അളവ് 8000 ഘനയടി ആയി കുറച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മറ്റു ഷട്ടറുകളും കൂടി അടച്ചത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമും ഇന്ന് രാവിലെ തുറന്നിരുന്നു. നിലവില്‍ 60 സെന്റിമീറ്റര്‍ ഉയര്‍ത്തി 6000 ഘനയടി വെള്ളമാണ് ഒഴുക്കി വിടുന്നത്. ഈ വര്‍ഷം നാലാം തവണയാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കുന്നത്. 2401.58 അടിയാണ് ഡാമിലെ ജലനിരപ്പ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →