മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചതോടെ ഇന്ത്യന്‍ വിപണിയില്‍ മുന്നേറ്റം.ബാങ്കിങ്, ഫിനാന്‍ഷ്യല്‍ ഓഹരികളാണ് വിപണിയിലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.ഒമിക്രോണ്‍ വ്യാപനം കരുതിയതുപോലെ അത്ര രൂക്ഷമായിരിക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ വന്നതോടെ നിക്ഷേപകര്‍ വീണ്ടും കൂട്ടത്തോടെ വിപണിയിലേക്ക് തിരിച്ചെത്തി.ഓട്ടോ, മെറ്റല്‍, റിയാല്‍റ്റി, ഫിനാന്‍സ് ഓഹരികളുടെ ബലത്തില്‍ നിഫ്റ്റി വീണ്ടും 17,100ന് മുകളില്‍ ക്ലോസ് ചെയ്തു. ദിനവ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്സ് 1000 പോയിന്റിലേറെ കുതിച്ചെങ്കിലും 886.51 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളും ശുഭാപ്തി വിശ്വാസത്തോടെയാണ് വ്യാപാരം നടത്തിയത്.
2278 ഓഹരികള്‍ ഇന്നലെ നേട്ടമുണ്ടാക്കിയപ്പോള്‍ 924 ഓഹരികളുടെ വിലയില്‍ മാത്രമാണ് ഇടിവുണ്ടായത്. 114 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയവയാണ് നേട്ടമുണ്ടാക്കിയ പ്രമുഖ ഓഹരികള്‍.അതേസമയം സിപ്ല, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഡിവിസ് ലാബ്സ്, ഐഒസി, ഏഷ്യന്‍ പെയ്ന്റ്സ് എന്നിവയുടെ വിലയിടിഞ്ഞു.ബാങ്ക്, മെറ്റല്‍, റിയല്‍റ്റി സെക്ടറല്‍ സൂചികകളില്‍ 2-3 ശതമാനം നേട്ടം രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ ഒരു ശതമാനം ഉയര്‍ന്നു. കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്നലെ നേട്ടമുണ്ടാക്കി.
റബ്ഫില ഇന്റര്‍നാഷണല്‍, ഹാരിസണ്‍സ് മലയാളം, മണപ്പുറം ഫിനാന്‍സ്, കേരള ആയുര്‍വേദ, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, ഫെഡറല്‍ ബാങ്ക്, മുത്തൂറ്റ് ഫിനാന്‍സ് തുടങ്ങി 23 കേരള കമ്പനികള്‍ നേട്ടംകൊയ്തപ്പോള്‍ പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, ഈസ്റ്റേണ്‍ ട്രെഡ്സ്, നിറ്റ ജലാറ്റിന്‍, ആസ്റ്റര്‍ ഡി എം, സ്‌കൂബീ ഡേ ഗാര്‍മന്റ്സ് എന്നീ കമ്പനികളുടെ ഓഹരി വിലയില്‍ ഇടിവുണ്ടായി.