‘മാപ്പ് പറഞ്ഞാല്‍ എങ്ങനെയാണ് നീതിയാകുന്നത്’; പരസ്യ വിചാരണ കേസില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് sകുട്ടിയുടെ അച്ഛന്‍

കൊച്ചി: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പൊലിസ് പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ മാപ്പപേക്ഷ സ്വീകരിക്കില്ലെന്ന് കുട്ടിയുടെ അച്ഛന്‍ ജി. ജയചന്ദ്രന്‍. കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംഭവം നടന്ന പിറ്റേദിവസം മുതല്‍ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും വരെ പരാതി നല്‍കിയിട്ടും തങ്ങള്‍ക്ക് നീതി കിട്ടിയിട്ടില്ല. അതിന് ശേഷം കോടതിയെ വിശ്വാസത്തിലെടുത്താണ് ഹൈക്കോടതിയെ സമീപിച്ചത്.

ഇതുവരെ ഉദ്യോഗസ്ഥയെ സംരക്ഷിക്കില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. മാപ്പ് പറഞ്ഞാല്‍ എങ്ങനെയാണ് നീതിയാകുന്നത്. തങ്ങള്‍ക്ക് നീതിയാണ് വേണ്ടത്. അവര്‍ കുറ്റക്കാരിയാണെന്ന് അവര്‍ക്ക് തന്നെ ബോധ്യപ്പെട്ടതിനാലാണ് മാപ്പ് പറഞ്ഞതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

സംഭവം നടന്ന് നാല് മാസം കഴിഞ്ഞാണ് മാപ്പുമായി വന്നിരിക്കുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഈ ഖേദപ്രകടനമെന്നും അദ്ദേഹം പറഞ്ഞു.

പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥ മാപ്പ് അപേക്ഷിച്ച് രംഗത്തെത്തിയിരുന്നു. പെണ്‍കുട്ടിയോടും കുടുംബത്തോടും മാപ്പ് ചോദിക്കുന്നതായി ഉദ്യോഗസ്ഥ കോടതിയെ അറയിച്ചു.

തനിക്കും മൂന്ന് കുട്ടികളുണ്ടെന്ന് പറഞ്ഞ ഉദ്യോഗസ്ഥ തന്റെ കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും കോടതിയില്‍ പറഞ്ഞു. ക്ഷമാപണം സ്വാഗതാര്‍ഹമെന്ന് അറിയിച്ച കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →