പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും സമനിലക്കളി. തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ ചെന്നയിന്‍ എഫ്.സിയും ഈസ്റ്റ് ബംഗാളും തമ്മില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.ഇരുവരും ഒപ്പത്തിനൊപ്പംനിന്ന മത്സരത്തില്‍ 57 ശതമാനം സമയത്തു പന്ത് കൈവശം വച്ച ചെന്നയിനു നേരിയ മുന്‍തൂക്കമുണ്ടായിരുന്നു. അവര്‍ 421 പാസുകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഈസ്റ്റ് ബംഗാള്‍ 313 പാസുകള്‍ പൂര്‍ത്തിയാക്കി. മൂന്ന് കളികളില്‍നിന്ന് ഏഴ് പോയിന്റ് നേടിയ ചെന്നയിന്‍ ഒന്നാം സ്ഥാനത്താണ്.
രണ്ടു ജയവും ഒരു സമനിലയുമാണ് അവരുടെ നേട്ടം. നാല് കളികളില്‍നിന്ന് രണ്ട് പോയിന്റ് മാത്രം നേടിയ ഈസ്റ്റ് ബംഗാള്‍ ഒന്‍പതാം സ്ഥാനത്താണ്. ഇതുവരെ അവര്‍ക്കു ജയിക്കാനായില്ല.വ്യാഴാഴ്ച ജംഷഡ്പുര്‍ എഫ്.സിയും ഹൈദരാബാദ് എഫ്.സിയും തമ്മില്‍ നടന്ന മത്സരവും സമനിലയില്‍ പിരിഞ്ഞു. ജി.എം.സി. അത്ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരം 1-1 നാണ് അവസാനിച്ചത്. 41-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് ജംഷഡ്പുരിനെ മുന്നിലെത്തിച്ചു. പത്ത് മിനിറ്റുകള്‍ക്കു ശേഷം ബര്‍തലോമി ഒഗ്ബാചെ ഹൈദരാബാദിനെ ഒപ്പമെത്തിച്ചു. മൂന്ന് കളികളില്‍നിന്ന് അഞ്ച് പോയിന്റ് നേടിയ ജംഷഡ്പുര്‍ അഞ്ചാമതും നാല് പോയിന്റ് നേടിയ ഹൈദരാബാദ് ആറാമതുമാണ്. ഐ.എസ്.എല്ലില്‍ ഇന്നു രണ്ടു മത്സരങ്ങളാണ്. വൈകിട്ട് 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. ഗോവയെയും 9.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ബംഗളുരു മുംബൈ സിറ്റിയെയും നേരിടും.

