ആധുനിക ഫുട്ബോളില്‍ 801 കരിയര്‍ ഗോളുകളടിക്കുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ റൊണാള്‍ഡോ

ലണ്ടന്‍: ആധുനിക ഫുട്ബോളില്‍ 801 കരിയര്‍ ഗോളുകളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി പോര്‍ചുഗലിന്റെയും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക്. ആഴ്സണലിനെതിരേ സ്വന്തം തട്ടകമായ ഓള്‍ഡ് ട്രാഫോഡില്‍ നടന്ന ലീഗ് മത്സരത്തില്‍ യുണൈറ്റഡിനു വേണ്ടി ഇരട്ട ഗോളുകളടിച്ചതോടെയാണു ക്രിസ്റ്റിയാനോ 801 ലെത്തിയത്. ക്രിസ്റ്റിയാനോയുടെ മികവില്‍ യുണൈറ്റഡ് 3-2 നു ജയിച്ചു.1,097 മത്സരങ്ങളില്‍ നിന്നാണു ക്രിസ്റ്റിയാനോ 800 എന്ന മാന്ത്രിക സംഖ്യ കടന്നത്. പോര്‍ചുഗലിനു വേണ്ടി 115 ഗോളുകളടിച്ച ക്രിസ്റ്റിയാനോ രാജ്യാന്തര ഫുട്ബോളിലെ ടോപ് സ്‌കോററുമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ഇതുവരെ 130 ഗോളുകളടിച്ചു. കരിയറിലെ ആദ്യ ക്ലബ് സ്പോര്‍ട്ടിങ് ലിസ്ബണിനു വേണ്ടി അഞ്ച് ഗോളുകളും സ്പാനിഷ് ക്ലബ് റയാല്‍ മാഡ്രിഡിനു വേണ്ടി 450 ഗോളുകളും ക്രിസ്റ്റിയാനോ അടിച്ചിട്ടു. ഇറ്റാലിയന്‍ ക്ലബ് യുവന്റസിനു വേണ്ടി ഗോളുകളില്‍ (101) സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. റയാല്‍ മാഡ്രിഡിന്റെയും ചാമ്പ്യന്‍സ് ലീഗിലേയും ടോപ് സ്‌കോററുമാണ്. യുണൈറ്റഡിന്റെ താല്‍ക്കാലിക കോച്ചായി റാള്‍ഫ് റാങ്ക്നികിന്റെ അവസാന മത്സരത്തിലാണു ക്രിസ്റ്റിയാനോ ഇരട്ട ഗോളുകളടിച്ചതെന്ന സവിശേഷതയുണ്ട്. ബ്രസീല്‍ ഇതിഹാസം പെലെ, ചെക്കോസ്ലോവാക്യയുടെ ജോസഫ് ബികാന്‍ എന്നിവര്‍ ക്രിസ്റ്റിയാനോയെക്കാള്‍ ഗോളുകളടിച്ചവരാണെന്ന വാദമുണ്ടെങ്കിലും കണക്കുകള്‍ക്ക് അംഗീകാരമില്ല. ഓള്‍ഡ് ട്രാഫോഡില്‍ ആഴ്സണല്‍ മികച്ച രീതിയില്‍ തുടങ്ങി. 14-ാം മിനിറ്റില്‍ അവര്‍ ലീഡ് നേടി.

അവിശ്വസനീയമായാണു യുണൈറ്റഡ് ഗോള്‍ വഴങ്ങിയത്. ഒരു സെറ്റ് പീസ് ഡിഫന്‍ഡ് ചെയ്യുന്നതിനിടയില്‍ യുണൈറ്റഡ് മധ്യനിര താരം ഫ്രെഡ് ഗോള്‍ കീപ്പര്‍ ഡേവിഡ് ഡി ഗിയയെ ചവിട്ടി. ആഴ്സണല്‍ താരമാണെന്ന് കരുതി ഡി ഗിയ പന്ത് നോക്കാതെ പരുക്ക് അഭിനയിച്ച് കിടന്നു. അവസരം മുതലെടുത്ത ആഴ്സണല്‍ താരം എമിലെ സ്മിത് റോ പന്ത് വലയിലെത്തിച്ചു. ചര്‍ച്ചകള്‍ക്ക് ശേഷം വാര്‍ അത് ഗോള്‍ തന്നെയാണെന്നു വിധിച്ചു. ഒന്നാം പകുതിയുടെ അവസാനം ബ്രൂണോ ഹെര്‍ണാണ്ടസ് യുണൈറ്റഡിന്റെ രക്ഷയ്ക്കെത്തി. ഫ്രെഡായിരുന്നു ഗോള്‍ ഒരുക്കിയത്. ഡി ഗിയയുടെയും ആഴ്സണല്‍ ഗോള്‍ കീപ്പര്‍ ആരോണ്‍ റാംസ്ഡെലിന്റെയു മികച്ച സേവുകള്‍ കാണാനായി. 52-ാം മിനുട്ടില്‍ മാര്‍കസ് റാഷ്ഫോഡ് വലതു വിങ്ങില്‍നിന്നു നല്‍കിയ പന്ത് ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റിയാനോ യുണൈറ്റഡിനെ മുന്നിലെത്തിച്ചു. ഗോളോടെ താരം 800 ഗോളിലെത്തി. രണ്ട് മിനിറ്റുകള്‍ക്കു ശേഷം മാര്‍ട്ടിനെല്ലിയുടെ ഒരു കട്ട് ബാക്ക് പാസില്‍നിന്ന് ഒഡെഗാഡ് സമനില ഗോളടിച്ചു. 69-ാം മിനിറ്റില്‍ ഒഡെഗാഡ് ഫ്രെഡിനെ ബോക്സില്‍ വീഴ്ത്തിയതിനു വാര്‍ പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ക്രിസ്റ്റിയാനോയ്ക്കു പിഴച്ചില്ല. ഈ ഗോള്‍ യുണൈറ്റഡിന്റെ ജയം ഉറപ്പിച്ചു. ജയത്തോടെ യുണൈറ്റഡ് 14 കളികളില്‍നിന്ന് 21 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കു മുന്നേറി. 23 പോയിന്റുമായി ആഴ്സണല്‍ അഞ്ചാം സ്ഥാനത്താണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →