പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അടിസ്ഥാനസൗകര്യങ്ങളുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു
സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഒന്നില്‍ കുറയാത്ത ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നതാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പും ടൂറിസം വകുപ്പും ചേര്‍ന്നുകൊണ്ടുള്ള ഒരു സംവിധാനം 2022 ഓട് കൂടി കേരളത്തില്‍ നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്നും മന്ത്രി പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ അടിസ്ഥാനസൗകര്യം ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടെ വിനോദസഞ്ചാര വകുപ്പിന്റെ ‘തത്വമസി പില്‍ഗ്രിം ടൂറിസം’ പദ്ധതിയിലുള്‍പ്പെടുത്തി പേട്ട ശ്രീ പഞ്ചമി ദേവീ ക്ഷേത്ര പരിസരത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച അടിസ്ഥാനസൗകര്യങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളെ അതിന്റെ സാധ്യതകള്‍ക്കനുസരിച്ച് വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി വരികയാണെന്നും അതിന്റെ ഭാഗമായാണ് തീര്‍ത്ഥാടന ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിന്റെ പുറത്തുനിന്ന് ലക്ഷക്കണക്കിന് ആളുകളാണ് തീര്‍ത്ഥാടനത്തിന് ഇവിടെ എത്തുന്നത്. അവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്ന ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുന്ന സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസുകളില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ റസ്റ്റ് ഹൗസുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഒരുമാസത്തിനുള്ളില്‍ 27.5 ലക്ഷം രൂപ ഇതിലൂടെ വരുമാനം നേടാന്‍ കഴിഞ്ഞത് ജനങ്ങള്‍ ഇത് ഏറ്റെടുത്തുകഴിഞ്ഞു എന്നതിന് തെളിവാണ് എന്നും മന്ത്രി പറഞ്ഞു. 24 മണിക്കൂറും ഓണ്‍ലൈന്‍ ബുക്കിങ് സൗകര്യം ഉറപ്പുവരുത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനുമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് 12 ജീവനക്കാരുടെ ഒരു ടീമിനെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഇത്തരത്തില്‍ എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ട് മുന്നോട്ടുപോകാനാണ് ടൂറിസം വകുപ്പും സര്‍ക്കാരും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, ക്ഷേത്രം തന്ത്രിമാര്‍, ക്ഷേത്രത്തിന്റെ ഭാരവാഹികള്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

