ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായ മമത ബാനര്‍ജി. രാഹുല്‍ ഗാന്ധിയുടെ വിദേശ സന്ദര്‍ശനം ചൂണ്ടികാട്ടിയായിരുന്നു വിമര്‍ശനം.
വിദേശത്തിരുന്നുകൊണ്ട് ആര്‍ക്കും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി പറഞ്ഞു. മുംബൈയില്‍ സിവില്‍ സൊസൈറ്റി അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
”ഒരാള്‍ ഒന്നും ചെയ്യാതെ പകുതി സമയം വിദേശത്താണെങ്കില് പിന്നെ എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കും? രാഷ്ട്രീയത്തിനായി നിരന്തരമായ പരിശ്രമം ഉണ്ടായിരിക്കണം,” മമത ബാനര്‍ജി പറഞ്ഞു.
‘ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ പ്രതിപക്ഷ ഐക്യം മാത്രം നമ്മളെ സഹായിക്കില്ല. ഞാന്‍ എന്തിനാണ് ഇത്രയധികം യാത്ര ചെയ്യുന്നത്? ആരാണ് ബംഗാള്‍ വിട്ട് എല്ലായിടത്തും ചുറ്റിക്കറങ്ങാന്‍ ആഗ്രഹിക്കുന്നത്? മറ്റുള്ളവരും അങ്ങനെ ചെയ്യാനും മത്സരമുണ്ടാകാനുമാണ് ഞാന്‍ അങ്ങനെ ചെയ്യുന്നത്. ഫെഡറല്‍ ഘടന ശക്തമായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എല്ലാ പ്രാദേശിക പാര്‍ട്ടികളും ഒന്നിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക വളരെ എളുപ്പമുള്ള കാര്യമാണ്,’ മമത ബാനര്‍ജി പറഞ്ഞു.
ബി.ജെ.പിക്കെതിരായ പ്രതിപക്ഷ സഖ്യത്തെ നയിക്കാന്‍ തനിക്ക് കഴിയുമോ എന്ന ചോദ്യത്തിന് താനൊരു ചെറിയ തൊഴിലാളിയാണെന്നും അങ്ങനെ തുടരാനാണ് താല്‍പ്പര്യമെന്നും മമത ബാനര്‍ജി പറഞ്ഞു.

