‘ജവാദ്’ ചുഴലിക്കാറ്റ് ഡിസംബര്‍ 4 ശനിയാഴ്ച രാവിലെ കരയില്‍ പ്രവേശിക്കാന്‍ സാധ്യത

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്ര ന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച്  മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ച് ‘ജവാദ് ‘ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലിനു രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി നിലവില്‍ വടക്ക് -കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ നിലനില്‍ക്കുന്നുണ്ട്. ചക്രവാത ചുഴിയുടെ ഫലമായി തെക്കു കിഴക്കന്‍ അറബിക്കടല്‍ മുതല്‍  വടക്ക് കിഴക്കന്‍ അറബിക്കടലില്‍ തെക്കന്‍ ഗുജറാത്ത് – വടക്കന്‍ കൊങ്കണ്‍ തീരംവരെ ന്യൂനമര്‍ദ്ദപാത്തിയും രൂപപ്പെട്ടിട്ടുണ്ട്. അതേ സമയം, ചക്രവാതചുഴിയും ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എന്നാല്‍ കേരളത്തില്‍ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →