തിരുവനന്തപുരം: സിനിമ രംഗത്ത് വനിതകളെയും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിൽ പെടുന്ന സംവിധായകരെയും പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ നടത്തിവരുന്ന പദ്ധതി പ്രകാരം 2020-21 ലേക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ശ്രുതി നമ്പൂതിരി, വി.എസ് സനോജ്, അരുൺ.ജെ.മോഹൻ എന്നിവരാണ് ഇക്കുറി പുരസ്കാര നേട്ടത്തിലെത്തിയതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.
വനിതാ വിഭാഗത്തിൽ ശ്രുതി നമ്പൂതിരിയാണ് ഒന്നാം സ്ഥാനം നേടിയത്. ബി 32 മുതൽ 44 വരെ എന്ന തിരക്കഥയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ വി.എസ് സനോജിന്റെ ‘അരിക്’ എന്ന തിരക്കഥയ്ക്ക് ഒന്നാം സ്ഥാനവും അരുൺ.ജെ.മോഹന്റെ ‘പിരതി’ എന്ന തിരക്കഥയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചതായി മന്ത്രി അറിയിച്ചു.
വനിതകളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനത്തേക്ക് രണ്ട് തിരക്കഥകൾക്ക് ജൂറി തുല്യപിന്തുണ നൽകിയതിനാൽ ചലച്ചിത്ര മേഖലയിലെ പ്രഗൽഭരുടെ അഭിപ്രായം ആരാഞ്ഞ ശേഷം തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമാവധി 1.5 കോടി രൂപ വീതമാണ് തെരഞ്ഞെടുക്കപ്പെട്ട തിരക്കഥകൾ സിനിമയാക്കുവാനായി അനുവദിക്കുകയെന്നും മന്ത്രി അറിയിച്ചു.
2019-20 വർഷത്തിലാണ് ആദ്യമായി വനിതകളുടെ സംവിധാനത്തിലുള്ള സിനിമ എന്ന നൂതനമായ പദ്ധതി നടപ്പിലാക്കിയത്. ക്യാമറയ്ക്കു പിന്നിലെ സ്ത്രീ സാന്നിദ്ധ്യം വിരളമാണ് എന്ന തിരിച്ചറിവാണ് ഇത്തരം ഒരു പദ്ധതി ആവിഷ്കരിക്കുവാൻ സംസ്ഥാന സർക്കാരിനെ പ്രേരിപ്പിച്ചത്. ഈ വർഷമാണ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ പെടുന്ന സംവിധായകരുടെ സിനിമ എന്ന പദ്ധതി ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്ന സംവിധായകരുടെ സിനിമ വിഭാഗത്തിൽ 79 പ്രൊപ്പോസലുകളും വനിതകളുടെ സംവിധാനത്തിലെ സിനിമ വിഭാഗത്തിൽ 41 പ്രൊപ്പോസലുകളുമാണ് പരിഗണനയ്ക്കായി ലഭിച്ചത്. ഇതിൽ നിന്നും മൂന്ന് ഘട്ടങ്ങളിലായി ചലച്ചിത്ര മേഖലയിലെ പ്രഗൽഭ സംവിധായകരും തിരക്കഥാകൃത്തുക്കളുമടങ്ങിയ വ്യത്യസ്ത ജൂറികൾ ആണ് അന്തിമ പട്ടികയിൽ ഇടം തേടിയ തിരക്കഥകൾ തെരഞ്ഞെടുത്തത്. തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്ക് ആശംസകൾ നേരുന്നു.