ന്യൂഡൽഹി: നീരജ് ചോപ്ര അടക്കമുള്ള ഒളിംപിക് താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ഥികളെ കാണാനെത്തുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന ആസാദി കി അമൃത് മഹോത്സവ് ചടങ്ങില്‍ പങ്കെടുക്കവെ ഒളിംപിക് താരങ്ങളും പാരാലിംപിക് താരങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളുമായി സംവദിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഊന്നിപ്പറഞ്ഞിരുന്നു.
സന്തുലിത ആഹാര ക്രമത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാരീരികക്ഷമത നിലനിര്‍ത്തുന്നതിനെക്കുറിച്ചും കായിക മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമെല്ലാം കായിക താരങ്ങള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ബോധവല്‍ക്കരണം നടത്തുകയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
ഇതനുസരിച്ച് ദേശീയ കായിക-യുവജന ക്ഷേമ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും ചേര്‍ന്ന് ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായാണ് നീരജ് ചോപ്ര അടക്കമുള്ള കായിക താരങ്ങള്‍ രാജ്യത്തെ വിവിധ സ്കൂളുകളില്‍ വിദ്യാര്‍ഥികളെ നേരില്‍ക്കാണാനെത്തുന്നത്. ഈ മാസം നാലിന് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സന്‍സ്കര്‍ധാം സ്കൂളില്‍ നീരജ് ചോപ്ര നടത്തുന്ന സന്ദര്‍ശനത്തോടെ ദൗത്യത്തിന് തുടക്കമാവും. ഗുജറാത്തിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ചടങ്ങില്‍ നീരജുമായി ആശയവിനിമയം നടത്തും.

