കേരള സമൂഹത്തിൽ ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് സഹകരണ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സഹകരണ ബാങ്കുകൾക്കെതിരായ കേന്ദ്ര നീക്കങ്ങൾ കേരളത്തെ ലക്ഷ്യം വച്ചുള്ളതാണെന്നും അതിനെതിരെ പ്രതിരോധമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികൾക്കായുള്ള കേരള ബാങ്കിന്റെ വിദ്യാനിധി സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സഹ.സംഘങ്ങൾ ബാങ്കെന്ന് ഉപയോഗിക്കരുതെന്ന റിസർവ് ബാങ്ക് നിർദ്ദേശത്തെ പ്രതിരോധിക്കാൻ പ്രാഥമിക സംഘങ്ങളുടെ പട്ടികയിലുള്ള എല്ലാ സ്ഥാപനങ്ങളെയും കാര്യക്ഷമതയിലേക്ക് ഉയർത്തണം.പ്രാഥമിക ബാങ്കുകളുമായി കൃത്യമായി ബന്ധപ്പെടാനുള്ള സോഫ്ട്‍വെയറുകൾ വികസിപ്പിക്കണം. കേരള സമൂഹത്തിൽ ബാങ്കിംഗ് സാക്ഷരതയുണ്ടാക്കിയത് സഹകരണ സ്ഥാപനങ്ങളാണ്. സഹകരണമേഖലയുടെ കരുത്ത് ഇതേ രീതിയിൽ നിലനിൽക്കില്ലെങ്കിൽ കേരള ബാങ്കിന് ഇങ്ങനെ തുടരാനാവില്ല

കുട്ടികളിൽ അമിതമായ സമ്പാദ്യബോധമുണ്ടാക്കാൻ പാടില്ലെന്നും, സമ്പാദിക്കാനല്ല ശരിയായ ജീവിതം നയിക്കാനാണ് അവരെ പഠിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സമ്പാദ്യത്തെക്കുറിച്ച് ചിന്തിച്ച് ജീവിക്കാൻ മറന്നുപോയവരുണ്ട്.മറ്റു രാജ്യങ്ങളിൽ കുട്ടികൾ നിശ്ചിത പ്രായമെത്തുമ്പോൾ അവരവരുടെ കാര്യം നോക്കും.ഇവിടെ അച്ഛനും അമ്മയും ചേർന്ന് മക്കൾക്ക് വേണ്ടി സമ്പാദിക്കുകയാണ്.തന്റെ കൈയിലുള്ള പണം തൊട്ടടുത്തിരിക്കുന്ന ആവശ്യക്കാരെ സഹായിക്കാനാകണം. എന്നാൽ, കുട്ടികൾക്കായി രക്ഷിതാക്കൾ സ്വരൂപിക്കുന്ന ഇത്തരം സമ്പാദ്യങ്ങൾ അവരുടെ വിദ്യാഭ്യാസത്തിന് സഹായകരമാകും.വിദ്യാനിധി പദ്ധതിക്ക് താൻ എതിരല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരണസ്ഥാപനങ്ങൾക്ക് ഇതുവരെ നൽകാത്ത നിക്ഷേപ ഗ്യാരന്റി സ്‌കീം ഇനി നൽകില്ലെന്ന് പറയുന്നതും തെറ്റിദ്ധരിപ്പിക്കാനാണെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു. റിസർവ് ബാങ്ക് നല്കിയില്ലെങ്കിലും സംസ്ഥാനം സ്വന്തമായി നിക്ഷേപ ഗ്യാരന്റി സ്‌കീം നടപ്പാക്കിയിട്ടുണ്ട്.സഹകരണ മേഖലയെ ഒരു പോറൽ പോലുമേൽക്കാതെ സംരക്ഷിക്കാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി പറഞ്ഞു.

പ്രചോദന ഗീതത്തിന്റെ പ്രകാശനം മന്ത്രി ജി.ആർ അനിൽ നിർവഹിച്ചു. ശില്പികൾക്കുള്ള ഉപഹാരം മന്ത്രി ആന്റണി രാജുവു സമ്മാനിച്ചു. ബീ ദി നമ്പർ വൺ ലോഗോ പ്രകാശനം സഹകരണ സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു.സഹകരണ സംഘം രജിസ്ട്രാർ പി.ബി നൂഹ്,കേരളബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.എസ് രാജൻ,ചീഫ് ജനറൽ മാനേജർ കെ.സി സഹദേവൻ എന്നിവർ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →