ഹരിപ്പാട് : ആലപ്പുഴയിൽ മൃഗാശുപത്രി ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ ഒളിവിലായിരുന്ന പ്രതിയെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര സ്വദേശിയും ഹരിപ്പാട് മൃഗാശുപത്രിയിലെ ജീവനക്കാരിയുമായ വനജ (45 )യെ ആക്രമിച്ച കേസിലെ പ്രതിയായ ചെട്ടികുളങ്ങര ഈരേഴ തെക്ക് കണ്ണന്താനത്ത് കിഴക്കതിൽ പ്രജീഷ് (47) ആണ് അറസ്റ്റിലായത്. 2021 ഒക്ടോബർ 22 ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഒക്ടോബർ 22ന് ഒരു മണിയോടെ മണ്ണാറശാലയിലുള്ള മൃഗാശുപത്രിയിൽ എത്തിയ പ്രജീഷ് മൃഗാശുപത്രിയിലെ ജീവനക്കാരിയായ വനജയെ മർദ്ദിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൂടാതെ വനജയുടെ പണമടങ്ങിയ ബാഗ് കൈക്കലാക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഇവർ ഹരിപ്പാട് പൊലീസിൽ പരാതി നൽകി. പ്രതി ഇതിനു മുമ്പ് വനജയോട് പ്രണയാഭ്യർഥന നടത്തിയിരുന്നു . ഇത് വിസമ്മതിച്ചതിന് ഉള്ള പ്രതികാരമായാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതി ക്ലാപ്പന, പ്രയാർ സുനാമി കോളനി ഒളിവിൽ കഴിയുകയായിരുന്നു. മരപ്പണിക്കാരനായ പ്രജീഷ് പതിവായി പ്രയാർ ബീവറേജിൽ മദ്യം വാങ്ങാൻ എത്തുമായിരുന്നു. ഈ വിവരം പൊലീസിന് രഹസ്യമായി ലഭിച്ചു. ഇതേ തുടർന്ന് പൊലീസ് ഇവിടെ കാത്തുനിൽക്കുയും ഇയാൾ മദ്യം വാങ്ങി തിരികെ പോകുമ്പോൾ പിന്തുടരുകയും ചെയ്തു. ഇയാൾ വീട്ടിലെത്തിയശേഷം കൂടുതൽ പൊലീസ് സ്ഥലത്തെത്തി വീടുവളഞ്ഞ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കായംകുളം ഡിവൈഎസ്പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം ഹരിപ്പാട് സിഐ ബിജു വി നായർ, എസ്ഐമാരായ ഹുസൈൻ, ഗിരീഷ് , സിപിഒ മാരായ നിഷാദ്, ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രജീഷിനെ റിമാൻഡ് ചെയ്തു.