തിരുവനന്തപുരം: തന്റെ മിന്നൽ സന്ദർശനങ്ങളെ വിമർശിക്കുന്നവർ വിമർശിക്കട്ടെയെന്നും എന്ത് വന്നാലും ഇതുപോലെതന്നെ മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജനങ്ങളെ എന്തിന് കാണിക്കണം എന്നാണ് ചിലർ ചോദിക്കുന്നത്. ഇവിടെ ജനങ്ങളെ കാണിച്ചുള്ള പരിപാടി മതിയെന്നു മന്ത്രി പറഞ്ഞു.
റസ്റ്റ് ഹൗസിൽ എന്താണ് നടക്കുന്നതെന്ന് ജനം അറിയണം. അതുകൊണ്ടാണ് അങ്ങനെ പോയത്. രഹസ്യമായി വയ്ക്കേണ്ട കാര്യമില്ല. മുൻപ് ഇതുപോലെ പോയ സ്ഥലങ്ങൾ ഇപ്പോൾ വളരെ കൃത്യമായി പ്രവർത്തിക്കുന്നു. ഇനിയുള്ള വർഷങ്ങളിലും ഇങ്ങനെ തന്നെ മുന്നോട്ടുപോകാനാണ് തീരുമാനം. വിമർശിക്കുന്നവർ വിമർശിക്കട്ടെ. ഞാൻ അതു കാര്യമാക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം വടകര റസ്റ്റ് ഹൗസിൽ നടത്തിയ സന്ദർശനത്തിൽ മദ്യകുപ്പികൾ കണ്ടെത്തിയിരുന്നു. ഒഴിഞ്ഞ മദ്യകുപ്പികൾ ചൂണ്ടി ഉദ്യോഗസ്ഥരോട് അദ്ദേഹം കയർത്ത് സംസാരിച്ചിരുന്നു. ഇതിനു പിന്നാലെ ഇതെല്ലാം പിആർ ആണെന്നും എന്തുകൊണ്ട് മന്ത്രി റോഡിന്റെ അവസ്ഥ കാണുന്നില്ലെന്നും ചോദിച്ച് ഒരുവിഭാഗം രംഗത്തുവന്നിരുന്നു.