തൃശൂർ : 25.11.2021വ്യാഴാഴ്ച മുതൽ പാലക്കാട്ടേക്കുള്ള വാഹനങ്ങളും കുതിരാൻ തുരങ്കത്തിനകത്തുകൂടി കടത്തി വിടും. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. നേരത്തെ തൃശൂർ ഭാഗത്തേക്കുമാത്രമായിരുന്നു ഗതാഗതം അനുവദിച്ചിരുന്നത്.
നിലവിൽ കുതിരാൻ തുരങ്കത്തിലെ രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം ഏതാണ്ട് അവസാന ഘട്ടത്തിലാണ്. തുരങ്കത്തിന് മുന്നിലുള്ള റോഡിന്റെ നിർമാണമാണ് ഇനി പൂർത്തിയാകാനുള്ളത്. അതിനായി തുരങ്കത്തിന് സമാന്തരമായുള്ള മൂന്ന് കിലോമീറ്റർ നീളത്തിലുള്ള പാലക്കാട്-തൃശൂർ റോഡ് പൊളിക്കും. തുടർന്ന് പാലക്കാട്ടേക്കുള്ള വാഹനങ്ങൾ ഒന്നാം തുരങ്കത്തിലൂടെ കടത്തിവിടാനാണ് തീരുമാനം. ഇതിനുവേണ്ട ഡിവൈഡർ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഒരുങ്ങിയിട്ടുണ്ട്.
അതേസമയം ഒരു തുരങ്കത്തിലൂടെ മൂന്ന് കിലോമീറ്റർ ദൂരം ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുമ്പോൾ കുതിരാനിൽ വീണ്ടും ഗതാഗതക്കുരുക്ക് ഉണ്ടാകുമോ എന്നും ആശങ്കയുണ്ട്. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് നിർമാണ കമ്പനി ജില്ലാ ഭരണകൂടത്തിന് നൽകിയ ഉറപ്പ്.

