കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലിലെ ജയില്‍ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കം. ജയിൽ ക്ഷേമ ദിനാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ ജയിലുകളില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലേതിന് സമാനമായ രീതിയിലേക്ക് നമ്മുടെ സംസ്ഥാനത്തെ ജയിലുകളും വളരുന്നു എന്നത് യാഥാര്‍ഥ്യമാണ്. കുടുംബത്തിനും സമൂഹത്തിനും തന്നെക്കുറിച്ചുള്ള ധാരണ തിരുത്തികുറിക്കും എന്ന പ്രതിജ്ഞ ജയില്‍വാസകാലത്ത് ഓരോരുത്തരും എടുക്കണം. തടവുകാർ കൈത്തൊഴിലുകള്‍ പരിശീലിക്കുന്നതടക്കം എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. ലൈബ്രറികള്‍ ഉപയോഗപ്പെടുത്താം. മാനസിക പരിവര്‍ത്തനത്തിനുള്ള പ്രതിജ്ഞയുമായിട്ടായിരിക്കണം ഓരോരുത്തരും ജയിലില്‍ നിന്നു പുറത്തു പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജയില്‍ അന്തേവാസികളുടെ മാനസികോല്ലാസവും മന:പരിവര്‍ത്തനവും ലക്ഷ്യമാക്കിയാണ് സംസ്ഥാനത്തെ ജയിലുകളില്‍ ക്ഷേമദിനാഘോഷം സംഘടിപ്പിക്കുന്നത്. അന്തേവാസികള്‍ക്കായി കഥ-കവിതാ രചന, ഗാനാലാപനം, ചെസ്, കാരംസ് തുടങ്ങിയ മത്സരങ്ങള്‍, വിവിധ തലങ്ങളിലുള്ള ബോധവല്‍ക്കരണ ക്ലാസുകള്‍ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ആഘോഷപരിപാടികള്‍ ഡിസംബര്‍ രണ്ടിന് സമാപിക്കും.
ഉത്തരമേഖല പ്രിസണ്‍സ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ എം.കെ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഉത്തരമേഖല റീജിണല്‍ വെല്‍ഫയര്‍ ഓഫീസര്‍ കെ.വി.മുകേഷ്, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി.കെ.നാസര്‍, ജില്ലാ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് എ.കെ. സുരേഷ്, ഉത്തരമേഖല കെജെഎസ്ഒഎ സെക്രട്ടറി രാജീവൻ കൊട്ടയോടൻ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് വി.ആര്‍.ശരത്ത് സ്വാഗതവും വെല്‍ഫയര്‍ ഓഫീസര്‍ ടി.രാജേഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

