പാലക്കാട്: പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ അറസ്റ്റിലായ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനു ശേഷം ഇയാളെ സഞ്ജിത്തിന്റെ ഭാര്യ ഹർഷിതയുടെ അരികിലെത്തിക്കും. പ്രതിയെ അവർ കൂടി തിരിച്ചറിയേണ്ടതുണ്ട്. ഇതുവരെ പ്രതിയുടെ പേരോ മറ്റ് വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.
മുണ്ടക്കയത്തുനിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എസ്ഡിപിഐ പ്രവർത്തകനാണ്. തിരിച്ചറിയൽ പരേഡ് നടക്കേണ്ടതിനാലും മറ്റ് പ്രതികൾ പിടിയിലാകാനുണ്ട് എന്നതിനാലും അറസ്റ്റിലായ ആളുടെ വിവരം പുറത്തുവിടാനാവില്ല എന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിപ്പട്ടികയിൽ 20 പേരോളം ഉണ്ടാവുമെന്നാണ് സൂചന.
കൃത്യം നടത്തിയതിന് ശേഷം പ്രതികൾ രക്ഷപ്പെട്ടത് കുഴൽ മന്ദത്ത് നിന്നെന്ന് ഇയാൾ മൊഴിയിൽ പറയുന്നു. കൃത്യം നടത്തി മമ്പറത്തു നിന്ന് കാറിൽ കുഴൽ മന്ദത്തെത്തിയെന്നും തുടർന്ന് കാറ് തകരാറിലായതിനെ തുടർന്ന് മറ്റ് വാഹനങ്ങളിൽ പല സ്ഥലങ്ങളിലേക്ക് പോയെന്നും പ്രതി മൊഴിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 8.45നാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കിപ്പുറമാണ് പ്രത്യേക അന്വേഷണ സംഘത്തിന് പ്രതികളെപ്പറ്റി സൂചന ലഭിച്ചത്. നിരവധി SDPI പ്രവർത്തകരുടെ മൊഴിയെടുക്കുകയും ഫോൺ രേഖകൾ പരിശോധിക്കുകയും ചെയ്തിരുന്നു. മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളുമായി ബന്ധമുണ്ടെന്ന് കരുതുന്നവരിലേക്ക് അന്വേഷണ സംഘമെത്തിയത്.

