ലഖ്നൗ: സമര രംഗത്തുനിന്നു പിന്മാറാന് ആറ് ഉപാധികള്‍ മുന്നോട്ടുവച്ച് സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മഹാപഞ്ചായത്ത്.മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ്, കരടു െവെദ്യുതി ബില്‍(202020/21) പിന്‍വലിക്കുക, വിള കത്തിക്കല്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കുമേല്‍ പിഴ ചുമത്താനുള്ള തീരുമാനം പിന്‍വലിക്കുക, കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്തിന്റെ പേരിലുള്ള കേസുകള്‍ പിന്‍വലിക്കുക, പ്രക്ഷോഭകാലത്ത് മരിച്ച എഴുന്നൂറോളം കര്‍ഷകരുടെ കുടുംബങ്ങള്‍ക്കു സഹായം നല്‍കുക, ഇവര്‍ക്കായി സിംഘുവില്‍ സ്മാരകം നിര്‍മിക്കുക, ലഖിംപുര്‍ഖേരിയില്‍ ദുരന്തത്തിന്റെ പേരില്‍ കേന്ദ്ര സഹമന്ത്രി അജയ്മിശ്രയെ പുറത്താക്കുക എന്നീ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച കത്താണു കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനു കൈമാറിയത്. നെല്ല്, ഗോതമ്പ് എന്നിവയ്ക്കു മാത്രമല്ല, മുഴുവന്‍ കാര്‍ഷിക വിളകള്‍ക്കും താങ്ങുവില ഉറപ്പാക്കണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു.
ലഖിംപുര്‍ ഖേരി കേസില്‍ സത്യസന്ധമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ ശിക്ഷിക്കണമെന്നു കര്‍ഷക സംഘടനാ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ക്ഷീരനയവും പിന്‍വലിക്കണം. ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ വീടുകളിലേക്കു മടങ്ങുകയുള്ളൂവെന്നു കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് അറിയിച്ചു. സമരം തുടരുന്നതിന്റെ ഭാഗമായി 29നു പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്നും അവര്‍ അറിയിച്ചു.

