കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4.24 കിലോഗ്രാം സ്വർണം പിടികൂടി. 2.13 കോടി വിലമതിക്കുന്ന സ്വർണമാണ് ഡിആർഐ പിടികൂടിയത്. സംഭവത്തിൽ യാത്രക്കാരായ മണിവാസൻ, ബക്കറുദ്ദീൻ ഹുസൈൻ എന്നിവർ അറസ്റ്റിലായി. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.
2021 നവംബർ 21ന് രാവിലെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ വിമാനത്തിലാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. മണിവാസൻ, ബക്കറുദ്ദീൻ ഹുസൈൻ എന്നിവർ ധരിച്ചിരുന്ന ജീൻസിന്റെയും അടിവസ്ത്രത്തിന്റെയും ഉള്ളിൽ പ്രത്യേകം അറകളുണ്ടാക്കിയാണ് സ്വർണം ഒളിപ്പിച്ചിപ്പിച്ചിരുന്നത്.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. വിമാനമിറങ്ങിയാത്രക്കാർ പുറത്തേക്ക് വന്നപ്പോഴാണ് പരിശോധിച്ചത്. തുടർന്ന് വസ്ത്രത്തിനുള്ളിൽ നിന്ന് സ്വർണം കണ്ടെടുക്കുകയായിരുന്നു.