കൊച്ചി: ഹലാൽ വിവാദത്തിൽ കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റ് ബിജെപി നേതാവ് സന്ദീപ് വാര്യർ പിൻവലിച്ചു. പാരഗൺ ഹോട്ടലിനെതിരായ വിദ്വേഷ പ്രചാരണത്തിനെതിരെയാണ് താൻ പോസ്റ്റിട്ടതെന്നും അതിനെ മാധ്യമങ്ങൾ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നിലപാട് സംസ്ഥാന അധ്യക്ഷൻ പറഞ്ഞ സ്ഥിതിക്ക് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായ താൻ പഴയ പോസ്റ്റ് പിൻവലിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഹലാൽ ഹോട്ടലുകളിൽ തുപ്പിയ ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് കെ സുരേന്ദ്രൻ പറഞ്ഞതിന് പിന്നാലെ അതിനെ തള്ളുന്ന തരത്തിൽ സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണം സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നതിനൊപ്പം സാമ്പത്തിക അടിത്തറയും തകർക്കുമെന്ന് അദ്ദേഹം പോസ്റ്റിൽ പറഞ്ഞിരുന്നു.
ഹോട്ടൽ ഏത് മതക്കാരുടെ ഉടമസ്ഥതയിൽ ആയാലും അതിനെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടാവുമെന്നും ഹോട്ടൽ നഷ്ടത്തിലാവുമ്പോൾ അതൊരുവിഭാഗത്തെ മാത്രമല്ല ബാധിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സംഘപരിവാർ അനുകൂലികളിൽ നിന്ന് വ്യാപക വിമർശനം വന്നതോടെയാണ് സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിച്ചത്.

