തിരുവനന്തപുരം: ചോക്ലേറ്റിലും ച്യൂയിംഗത്തിലുമാക്കി സമ്മാനപ്പൊതിയെന്ന വ്യാജേന പാഴ്സലായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്നുശേഖരം നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ പിടികൂടി. കൊറിയര്‍ ഏറ്റുവാങ്ങാനിരുന്ന തിരുവനന്തപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. 244 ഗ്രാം ആംഫിറ്റമിന്‍, 25 എല്‍എസ്ഡി സ്റ്റാമ്പുകള്‍ ,രണ്ട് ഗ്രാം മെത്തക്വലോണ്‍ എന്നിവയായിരുന്നു പിടികൂടിയത്. ച്യൂയിംഗ് ഗം,ചോക്ലേറ്റ് ഉദ്പ്പന്നങ്ങള്‍ എന്നിവക്കുളളില് ഒളിപ്പിച്ച് സമ്മാനമായി പൊതിഞ്ഞാണ് അയക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് അയക്കാന്‍ ശ്രമിച്ച സിന്തറ്റിക്ക് മയക്കുമരുന്ന് ശേഖരം ബംഗളൂരുവില്‍ തന്നെ നല്ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ പിടികൂടിയിരുന്നു. സംസ്ഥാനത്തേക്ക് സിന്തറ്റിക്ക് മരുന്ന് നേരിട്ടെത്തിക്കുന്നത് പിടിക്കപ്പെട്ടുതുടങ്ങിയതോടെയാണ് കൈമാറ്റം കൊറിയര്‍ അടക്കമുളള പാഴ്സല്‍ സര്‍വീസുകള്‍ വഴിയാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലായി കര്‍ണാടകയിലും തമിഴ്നാട്ടിലുമായി എന്‍സിബി അധികൃതര്‍ പിടികൂടിയ മയക്കുമരുന്ന് തിരുവനന്തപുര്ത്ത് എത്തിക്കാനുളളതായിരുന്നു.
2021 നവംബര്‍ 11നും തിരുവനന്തപുരത്തേക്കുളള മയക്കുമരുന്ന് കൊറിയര്‍ തമിഴ്നാട്ടില്‍ നര്‍ക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോ പിടികൂടിയിരുന്നു. 40 ഗ്രം മെത്താഫിറ്റമിനാണ് അയക്കാന്‍ ശ്രമിച്ചത്. ഒഡീഷ,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് ,ഹാഷിഷ് എന്നിവ എത്തുന്നതിന് പുറമേയാണ് സിന്തറ്റിക്ക് മയക്കുമരുന്നുകളും എത്തിക്കുന്നത്.

