കൊല്ലം: കൊല്ലം തെന്മലയിൽ ∙ ഇരുചക്രവാഹന യാത്രികനെ കാട്ടുപന്നി കൂട്ടം ഇടിച്ചിട്ടു. ഗുരുതരമായി പരുക്കേറ്റ ആര്യങ്കാവ് ആനച്ചാടി സ്വദേശി അശോകനെ(43) പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2021 നവംബർ 21 ഞായറാഴ്ച സന്ധ്യയ്ക്ക് 6 ന് കഴുതുരുട്ടി – തകരപ്പുര പാതയിൽ പളിയൻപാറയ്ക്കു സമീപത്തു വച്ചായിരുന്നു അപകടം. തെന്മലയിലെ റിസോർട്ടിലെ ജീവനക്കാരനാണ് അശോകൻ.
ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങുംവഴി കാട്ടുപന്നി കൂട്ടം അശോകന്റെ ഇരുചക്രവാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. വീഴ്ചയിൽ ബോധം നഷ്ടപ്പെട്ട അശോകൻ അര മണിക്കൂറോളം റോഡിൽ കിടന്നു. ഇതുവഴിയെത്തിയ സ്വകാര്യ തോട്ടത്തിലെ സൂപ്പർവൈസർ വിജയനാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
ഈ പാതയിൽത്തന്നെ കുറച്ചുനാൾ മുമ്പ് ബൈക്ക് യാത്രികനെ മ്ലാവ് ഇടിച്ച് പരുക്കേൽപ്പിച്ചിരുന്നു. ഒരു മാസം മുമ്പ് തെന്മല ഡാം – പത്തേക്കർ പാതയിൽ ഉറുകുന്ന് സ്വദേശിയായ യൂട്യൂബ് ചാനൽ പ്രവർത്തകൻ ഉറുകുന്ന് സ്വദേശി രാധാകൃഷ്ണനെയും പന്നിക്കൂട്ടം ഇടിച്ചു തെറിപ്പിച്ചിരുന്നു. രാധാകൃഷ്ണനും ഏകദേശം അരമണിക്കൂറോളം ബോധം നഷ്ടപ്പെട്ട് റോഡിൽ കിടന്നിരുന്നു. ഇതുവഴിയെത്തിയ ഇടമൺ സ്വദേശിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.