വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏട്; തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങളെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

ഐതിഹാസികമായ കര്‍ഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടിരിക്കുന്നെന്നും സമത്വപൂര്‍ണമായ ലോകനിര്‍മ്മിതിയ്ക്കായി നടക്കുന്ന വര്‍ഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യന്‍ കര്‍ഷകര്‍ രചിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വെല്ലുവിളികള്‍ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കര്‍ഷകര്‍ക്ക് അഭിവാദ്യങ്ങള്‍ നേരുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമത്തിനെതിരെ കേരള നിയമസഭ 2020 ഡിസംബര്‍ 31 ന് പ്രമേയം പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷവിമര്‍ശനമായിരുന്നു ഉന്നയിച്ചത്.

കേന്ദ്ര നിയമഭേദഗതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണെന്നും പുതിയ നിയമം കര്‍ഷകരില്‍ ഉണ്ടാക്കുന്നത് കടുത്ത ആശങ്കയാണെന്നുമായിരുന്നു പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. കാര്‍ഷിക രംഗത്ത് വന്‍ പ്രത്യാഘാതം ഉണ്ടാകുന്നതാണ് നിയമ ഭേദഗതി. കര്‍ഷകരുടെ വില പേശല്‍ ശേഷി കോര്‍പറേറ്റുകള്‍ക്ക് മുന്നില്‍ ഇല്ലാതാക്കുന്നതാണ് ഈ നിയമം. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുന്നതില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രമേയത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കര്‍ഷക പ്രക്ഷോഭം ഇനിയും തുടര്‍ന്നാല്‍ അത് കേരളത്തെയടക്കം സാരമായി ബാധിക്കുമെന്നും കാര്‍ഷിക നിയമഭേദഗതി റദ്ദാക്കണം എന്നും പ്രമേയത്തിലൂടെ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →