കരിപ്പൂര്‍ : കോഴിക്കോട് വിമാനത്താവളം വഴി യാത്രക്കാരെ കയറ്റാനും ഇറക്കാനും അനുവദിച്ചിരിക്കുന്ന സമയം മൂന്നുമിനിട്ടാണ്. അതുകഴിഞ്ഞാല്‍ ജി.എസ്‌ടി അടക്കം 500 രൂപ പിഴ ഈടാക്കും. എന്‍ട്രി ഗേറ്റില്‍ നിന്ന പാസ് വാങ്ങി ഡ്രോപ്പിംഗ് അഥവാ പിക്കിംഗ് പോയിന്റിലെത്താന്‍തന്നെ മൂന്നുമിനുട്ടിലധികം എടുക്കും. ഇനി അത് ഒഴിവാക്കിയാല്‍തന്നെ ലഗേജ് കയറ്റുകയും ഇറക്കുകയും വേണം. ഇതിനൊക്കെ സര്‍ക്കസുകാരെപ്പോലെ അസാമാന്യ മെയ് വഴക്കമുണ്ടെങ്കിലേ നടക്കൂവെന്ന് യാത്രക്കാര്‍ പറയുന്നു. വിമാനത്താവളത്തിലെ പാര്‍ക്കിംഗ് പരിഷ്‌ക്കാരത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.
അടുത്തിടെ നടപ്പില്‍ വരുത്തിയ ട്രാഫിക്ക് പരിഷ്‌ക്കാരത്തില്‍ പ്രവേശന കവാടകത്തിലും പുറത്തേക്കുളള വഴിയിലും ഉണ്ടായിരുന്ന ടോള്‍ ബൂത്തുകള്‍ ഒഴിവാക്കി. ഇതിനുപകരം സ്വകാര്യ വാഹനങ്ങള്‍ക്ക് ടെര്‍മിനലിന് മുന്നില്‍ യാത്രക്കാരെ സൗജന്യമായി ഇറക്കുകയോ കയറ്റുകയോ ചെയ്യാമെന്നാണ് പറയുന്നത്. പക്ഷെ ഇതിനനുവദിച്ചിരിക്കുന്ന സമയം മൂന്നുമിനിട്ടാണ്. ഈ സമയത്തിനകം യാത്രക്കാരെ ഇറക്കാനോ കയറ്റാനോ കഴിയില്ല. ഇതുമൂലം മൂന്നുമിനുട്ടിനുശേഷം കരാര്‍ കമ്പനി ജീവനക്കാര്‍ യാത്രക്കാരോടും വാഹന ഉടമകളോടും മോശമായി പെരുമാറുന്നതായും പരാതികള്‍ ഉണ്ട്. ഇത് യാത്രക്കാരും പാര്‍ക്കിംഗ് ജീവനക്കാരും തമ്മില്‍ സംഘര്‍ഷത്തിനിടയാക്കുകയും ചെയ്യുന്നുണ്ട്.
പിക്കപ്പ് ആന്റ് ഡ്രോപ്പിനായി കൂടുതല്‍ സമയം അനുവദിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. നേരത്തെ വിമാനത്താവളത്തിനകത്തേക്ക് പ്രവേശിക്കുന്ന വാഹനത്തിന് 15 മിനിട്ടായിരുന്നു സൗജന്യ പാര്‍ക്കിംഗ് സമയം. 85 രൂപയായിരുന്നു പാര്‍ക്കിംഗ് ഫീസായി ഈടാക്കിയരുന്നത്. ഇപ്പോള്‍ സമയ ദൈര്‍ഘ്യം 30 മിനിട്ടായി ഉയര്‍ത്തുകയും ഫീസ് 20 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ടെന്നാണ് അതോറിറ്റിയുടെ ഇതുസംബന്ധിച്ചുളള വിശദീകരണം.
യുഎഇ യിലേക്കുളള യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ റാപിഡ് പിസിആര്‍ പരിശോധനകള്‍ക്ക് 2,490 രൂപ ഈടാക്കുന്നതിലുളള പ്രതിഷേധം പ്രവാസികള്‍ ശക്തമാക്കുന്നതിനിടയിലാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഫീസ് ഗള്‍ഫ് യാത്രക്കാര്‍ക്കടക്കം ഇരുട്ടടിയാകുന്നത്.