ടെക്സാസില്‍ മലയാളി വെടിയേറ്റ് മരിച്ചു

മെസ്‌കിറ്റ്: യുഎസില്‍ മലയാളി കൊല്ലപ്പെട്ടു. ഡാലസ് കൗണ്ടിലെ മസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി- 56) ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. അക്രമിയെക്കുറിച്ചുള്ള വിവരം പോലിസ് പുറത്തു വിട്ടിട്ടില്ല. ഉച്ചയ്ക്ക് 1.40 ഓടെ സ്റ്റോറിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറില്‍ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവയ്പ്പുണ്ടായ വിവരം അറിഞ്ഞെത്തിയ പോലിസ് ഉടനെതന്നെ സാജനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോഴഞ്ചേരി ചെരുവില്‍ കുടുംബാംഗമായ സാജന്‍ മാത്യൂസ് 2005 ലാണ് കുവൈത്തില്‍ നിന്ന് അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച് അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളില്‍ ചിലരുമായി ചേര്‍ന്ന് സാജന്‍ സൗന്ദര്യവര്‍ധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →