20 മാസത്തിന് ശേഷം കര്‍താര്‍പുര്‍ ഇടനാഴി 17ന് തുറക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് 20 മാസം മുന്‍പ് അടച്ചിട്ട പാകിസ്താനിലേക്കുള്ള കര്‍താര്‍പുര്‍ ഇടനാഴി തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. സിഖ് തീര്‍ഥാടനകേന്ദ്രമായ പാകിസ്താനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്ന ഇടനാഴി ഇന്നു വീണ്ടും തുറക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. ഗുരു നാനാക്കിനോടും സിഖ് വിഭാഗത്തോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബഹുമാനം പ്രതിഫലിക്കുന്നതാണ് ഈ തീരുമാനമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. ഈ മാസം 19-ന് ഗുരു നാനാക്കിന്റെ പ്രകാശോത്സവം ആഘോഷിക്കാനിരിക്കെ കര്‍താര്‍പുര്‍ ഇടനാഴി തുറക്കുന്നത് ഏറെ ആഹല്‍ദംപകരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍താര്‍പുര്‍ ഇടനാഴി വീണ്ടും തുറക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബില്‍നിന്നുള്ള ബി.ജെ.പി. നേതാക്കള്‍ കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും അമിത് ഷായെയും സന്ദര്‍ശിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ചന്നിയും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. ഗുരുദാസ്പുരിലെ ദേര ബാബ നാനാക് ഗുരുദ്വാരയെയും പാകിസ്താനിലെ കര്‍താര്‍പുരിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയുമായി ബന്ധിപ്പിക്കുന്നതാണ് 4.7 കിലോമീറ്റര്‍ നീളമുള്ള ഇടനാഴി. സിഖ് മത സ്ഥാപകന്‍ ഗുരുനാനാക്കിന്റെ 550-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2019 നവംബര്‍ ഒന്‍പതിനാണ് ഇടനാഴി തുറന്നു കൊടുത്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →