വീണ്ടും ആസ്‌ട്രേലിയ: ന്യൂസിലാൻറിനെ തകർത്ത് കംഗാരുക്കൾ

ദുബൈ: നീണ്ട ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്‌ട്രേലിയ വീണ്ടും ഐ.സി.സി കിരീടത്തിൽ മുത്തമിട്ടു. ബംഗ്ലാദേശിനോടുൾപ്പടെ തുടർച്ചയായ അഞ്ച് ടി 20 പരമ്പരകൾ തോറ്റായിരുന്നു ഓസീസ് ലോകകപ്പിനെത്തിയത്. ക്രിക്കറ്റ് നിരീക്ഷകരും വിദഗ്ധരുമെല്ലാം കിരീടം നേടാൻ സാധ്യതയുള്ള ടീമുകളുടെ പട്ടികയിൽ നിന്നും ഓസീസിനെ തുടക്കത്തിലേ ഒഴിവാക്കി. പക്ഷേ പ്രതീക്ഷയുടെ അമിതഭാരമില്ലാതെ എത്തിയ ഓസീസ് സംഘം കിരീടവും റാഞ്ചിയാണ് മടങ്ങുന്നത്. പന്തു കൊണ്ടും ബാറ്റ് കൊണ്ടും ഒന്നിനൊന്ന് മികച്ചു നിന്നു.

ഫൈനലിൽ ന്യൂസിലൻഡിനെ എട്ട് വിക്കറ്റിനിനാണ് കംഗാരുപ്പട തോല്‍പിച്ചത്. ആസ്ട്രേലിയയുടെ കന്നി ടി20 കിരീടമാണിത്. ടോസ് നേടി കിവീസിനെ ബാറ്റിങിനയച്ചത് മുതൽ ആസ്ട്രേലിയ കിരീടത്തിലേക്ക് ഒരു കൈ എത്തിച്ചിരുന്നു. ഫൈനൽ ചരിത്രത്തിലെ ഏറ്റവും വലിയ റൺമല കെട്ടിപ്പൊക്കിയ ന്യൂസിലൻഡിനെ നെഞ്ചുവിരിച്ച് നേരിട്ട് ഫിഞ്ചും കൂട്ടരും കിരീടവുമായി പറന്നു. ആദ്യം ബാറ്റെടുത്ത കിവീസ് നേടിയത് 172 റൺസ് . നായകൻ കെയിൻ വില്യംസൺ അവസരത്തിനൊത്ത് ഉയർന്ന് അടിച്ച് കൂട്ടിയത് 85 റൺസ്. കിരീടത്തിലേക്കുള്ള പോക്കിൽ തുടക്കം തന്നെ നായകൻ ഫിഞ്ചിനെ ഓസീസിന് നഷ്ടമായി.പക്ഷേ കളിയുടെ കടിഞ്ഞാൺ വാർണറും മാർഷും ഏറ്റെടുത്തു. രണ്ട് പേരും അർധസെഞ്ചുറി നേടിയതോടെ കംഗാരുക്കൾ വിജയമുറപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →