തിരുവനന്തപുരം: പെട്രോളിനും ഡീസലിനും കേന്ദ്രം വർദ്ധിപ്പിച്ച വില മുഴുവൻ കുറയ്ക്കുമ്പോൾ സ്വാഭാവികമായും കേരളത്തിലും വില കുറയുമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു. പെട്രോളിയം ഉല്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് കേന്ദ്രസർക്കാരാണ്.സംസ്ഥാനം വില കുറയ്ക്കുമോയെന്ന് ചോദിക്കുന്നത് മോദിസർക്കാരിനെ സംരക്ഷിക്കാനാണ്.
ഇന്ധനവില മനുഷ്യന് താങ്ങാനാവാത്ത സ്ഥിതിയുണ്ടാക്കി വച്ചത് കേന്ദ്രസർക്കാരാണ്.കേന്ദ്രത്തിനെതിരെയാണ് സമരം വേണ്ടത്.പ്രതിപക്ഷം സൈക്കിളോടിച്ച് പോയി പറഞ്ഞത് മുഴുവൻ കേരളത്തിനെതിരെയാണ്.മോദിക്ക് സംരക്ഷണം കിട്ടാനാണ് അവരുടെ ഇപ്പോഴത്തെ സമരം. ഒരു ഘട്ടത്തിലും കേരളത്തിലെ ഇടതുപക്ഷസർക്കാർ പെട്രോളിയം നികുതി വർദ്ധിപ്പിച്ചിട്ടില്ല.
ഇപ്പോൾ നികുതി കുറച്ച മറ്റ് സംസ്ഥാനങ്ങളൊക്കെ ഇടയ്ക്കിടെ സെസ് കൂട്ടിയവരാണ്.കേന്ദ്രം കുറയ്ക്കുമ്പോൾ സ്വാഭാവികമായി കുറയുമെന്നതിന് തെളിവാണ് അവർ പത്ത് രൂപ കുറച്ചപ്പോൾ ഇവിടെ കൂടുതൽ വില കുറഞ്ഞത്.ഇടതുപക്ഷത്തോടുള്ള സ്നേഹം കൊണ്ട് തങ്ങൾക്കെതിരെ വ്യാജവാർത്ത ഉല്പാദിപ്പിക്കാൻ നല്ല വൈദഗ്ദ്ധ്യമുള്ള ചില മാദ്ധ്യമപ്രവർത്തകരാണ് പ്രതിപക്ഷത്തിനൊപ്പം കൂടി സംസ്ഥാനസർക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കുന്നത്.വിജയരാഘവൻ പറഞ്ഞു.

