കോഴിക്കോട്∙ പന്തീരങ്കാവ് യുഎപിഎ കേസിൽ പാർട്ടി നിലപാടിൽ തെറ്റില്ലെന്ന് സിപിഎം. കോഴിക്കോട് സൗത്ത് സൗത്ത് ഏരിയാ സമ്മേളനത്തിലെ വിമർശനത്തിനാണ് ജില്ലാ സെക്രട്ടറിയുടെ മറുപടി. അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലർത്തിയെന്ന് പി.മോഹനൻ പറഞ്ഞു.
അലനെയും താഹയെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ പൊലീസിന് ജാഗ്രത കുറവ് ഉണ്ടായെന്നാണ് സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിൽ പറഞ്ഞത്. പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹയ്ക്ക് ജാമ്യം നൽകുകയും അലന്റെ ജാമ്യം ശരിവയ്ക്കുകയും ചെയ്ത ശേഷം സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ടു ലോക്കൽ കമ്മറ്റികൾ പൊലീസിനെതിരെ വിമർശനം ഉന്നയിച്ചത്.
പൊലീസിന് ഇക്കാര്യത്തിൽ വലിയ വീഴ്ച്ച സംഭവിച്ചു. വിഷയം പഠിക്കാതെ കേസെടുക്കാൻ ധൃതി കാട്ടുകയാണ് ചെയ്തത്. അലനും താഹയും പാർട്ടി കുടുംബമാണ്. ആത്യന്തികമായി പാർട്ടിക്ക് നഷ്ടമാണുണ്ടായെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു