തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് തിരിച്ചടി. ശബ്ദ പരിശോധന കേന്ദ്ര സര്‍ക്കാര്‍ ലാബില്‍ നടത്തണമെന്ന സുരേന്ദ്രന്റെ ആവശ്യം കോടതി തള്ളി.
ഇതോടെ സംസ്ഥാന സര്‍ക്കാറിനു കീഴിലുള്ള ഫോറന്‍സിക് ലാബില്‍ തന്നെ ശബ്ദ പരിശോധന നടത്തും. സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന ജെ.ആര്‍.പി നേതാവ് പ്രസീത അഴീക്കോടിന്റെ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന കൂടുതല്‍ ശബ്ദ രേഖകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.
ബി.ജെ.പി നല്‍കിയ 10 ലക്ഷം രൂപ ചെലവഴിച്ചതിനെക്കുറിച്ച് പ്രസീതയും സി.കെ. ജാനുവും സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് ലഭിച്ചത്. എന്നാല്‍ അവര്‍ എന്തൊക്കെയാണ് സംസാരിച്ചതെന്നതിനെ കുറിച്ച് ക്രൈംബ്രാഞ്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
കേസില്‍ നിര്‍ണായക തെളിവാകും ഈ ശബ്ദ രേഖയെന്നാണ് ക്രൈബ്രാഞ്ച് കരുതുന്നത്. തന്റെ ഫോണ്‍ ക്രൈംബ്രാഞ്ച് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയതെന്നാണ് പ്രസീത അഴീക്കോട് പറയുന്നത്.
ഈ സംഭാഷണത്തിന്റെ ശബ്ദ പരിശോധനയും നടത്തിയിട്ടുണ്ട്. കേസില്‍ അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.



