മുംബൈ: വില്‍പ്പനസമ്മര്‍ദത്തില്‍ അകപ്പെട്ട ഇന്ത്യന്‍ ഓഹരി സൂചികകള്‍ നഷ്ടത്തില്‍. ബോംബെ സെന്‍സെക്സ് 112.16 പോയിന്റ് കുറഞ്ഞ് 60,433.45 പോയിന്റിലും നിഫ്റ്റി 24.30 പോയിന്റ് താഴ്ന്ന് 18,044.25 പോയിന്റിലും ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. തുടര്‍ച്ചയായ രണ്ടു വ്യാപാരദിനങ്ങളിലെ കുതിപ്പിന് വിരാമമിട്ടാണ് സൂചികകള്‍ നഷ്ടത്തിലായത്.വിദേശികള്‍ക്കൊപ്പം ആഭ്യന്തര ഇടപാടുകാരും ഓഹരികള്‍ വിറ്റഴിക്കുന്നതിലേക്കു ശ്രദ്ധയൂന്നിയതാണ് വിപണികളിലെ തിരിച്ചടിക്കു വഴിവച്ചത്. വന്‍കിട കോര്‍പ്പറേറ്റ് കമ്പനികളുടെ ലാഭക്കണക്കുകളില്‍ ഇടപാടുകാര്‍ വീണില്ല. ഒപ്പം രാജ്യാന്തര വിപണികളിലെ പ്രതികൂല സാഹചര്യങ്ങള്‍ കൂടിയായതോടെ ഇടപാടുകാര്‍ ലാഭമെടുക്കലില്‍ കണ്ണുവച്ചു.
അപായമണിമുഴക്കിയായിരുന്നു ഇന്നലെ വ്യാപാരത്തുടക്കം.ഉച്ചയോടെ മെല്ലെ കരകയറിയ വിപണികള്‍ നേട്ടത്തിലേക്കു ചുവടുവച്ചെങ്കിലും വ്യാപാരാവസാന മണിക്കൂറുകളില്‍ വീണ്ടും നഷ്ടത്തിലായി. എങ്കിലും വന്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്താതിരുന്നത് ആശ്വാസമായി. നിഫ്റ്റി നിര്‍ണായകമായ 18,000 പോയിന്റിനു താഴേക്കു പോകാതിരുന്നാല്‍ വരുംദിവസങ്ങളില്‍ വിപണിയില്‍ അനുകൂല തരംഗത്തിനു സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.എന്‍.എസ്.ഇയില്‍ സാമ്പത്തിക സേവന അധിഷ്ഠിത ഓഹരികള്‍ക്കാണ് ഇന്നലെ വന്‍തിരിച്ചടി നേരിട്ടത്. ബാങ്കിങ്, എഫ്.എം.സി.ജി, ലോഹം, ഉപഭോക്തൃ ഉല്പന്ന ഓഹരികള്‍ക്കും നഷ്ടം നേരിട്ടു. എണ്ണ, വാതകം, പൊതുമേഖലാ ബാങ്കിങ്, വാഹനം, ഹെല്‍ത്ത് കെയര്‍ അധിഷ്ഠിത ഓഹരികളുടെ മികച്ചപ്രകടനം നിഫ്റ്റിക്കു താങ്ങായി.
2.6 ശതമാനം വിലയിടിഞ്ഞ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസാണ് നിഫ്റ്റി ഓഹരികളിലെ നഷ്ടക്കണക്കില്‍ മുമ്പന്‍. സെപ്റ്റംബര്‍ പാദത്തിലെ പ്രവര്‍ത്തനലാഭത്തില്‍ 23 ശതമാനം ഇടിവുണ്ടായതാണു ബ്രിട്ടാനിയയെ പിന്നോട്ടടിച്ചത്. എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി, എന്‍.ടി.പി.സി, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി, ജെ.എസ്.ഡബ്ല്യു. സ്റ്റീല്‍, ശ്രീ സിമെന്റ്സ്, പവര്‍ ഗ്രിഡ്, ഹിന്‍ഡാല്‍കോ തുടങ്ങിയവയുടെ ഓഹരികള്‍ക്ക് 1-1.7 ശതമാനംവരെ നഷ്ടം നേരിട്ടു.

