കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരോട് സമൂഹത്തിനും കടമകളുണ്ട്.

2021 ഒക്‌ടോബര്‍ 4 ഉത്തര്‍പ്രദേശിലെ ലഖിം പൂര്‍ ജില്ലയില്‍ ടിക്കാനിയ ഗ്രാമം . പ്രതിഷേധിച്ച കര്‍ഷക സമൂഹത്തിന് നേരെ മന്ത്രിപുത്രന്റെ കാര്‍ ഇരമ്പി കയറുന്നു. അധികം അകലെയല്ലാതെ നിന്ന് രമണ്‍ കശ്യപ് എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ അതു പകര്‍ത്തുന്നു. കശ്യപന് 33 വയസ്സ് . മധ്യപ്രദേശിലെ സാധന പ്ലസ് എന്ന ചാനലിന്റെ താലൂക്ക് ലേഖകന്‍. ഭാര്യ. രണ്ടു പെണ്‍മക്കള്‍. ചാനല്‍ ഒരു വാര്‍ത്ത സ്വീകരിച്ചാല്‍ സംപ്രേഷണം കഴിഞ്ഞ് 500 രൂപ നല്‍കും. മാസത്തില്‍ മൂന്നു നാലു വാര്‍ത്തകള്‍ ചെയ്യാന്‍ അവസരം കിട്ടും. എങ്കിലും അയാള്‍ക്ക് ആവേശമായിരുന്നു. രാഷ്ട്രീയം, കുറ്റകൃത്യങ്ങള്‍ രണ്ടും ഇഷ്ടവിഷയങ്ങള്‍. കണ്‍മുമ്പിലെ അരുംകൊല ചിത്രീകരിച്ച കശ്യപിന്റെ മൃതദേഹം പിറ്റേന്ന് മോര്‍ച്ചറിയില്‍ വെച്ച് പിതാവ് തിരിച്ചറിഞ്ഞു. തല്ലി കൊല്ലുകയായിരുന്നു.

രാജ്യത്ത് ആറു ലക്ഷത്തിലേറെ പേര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നു. അവരുടെ കഷ്ടപ്പാടിലൂടെ ഈ രാജ്യത്ത് എന്ത് നടക്കുന്നു എന്ന് ജനം അറിയുന്നു. ജനം അറിയുന്നതുകൊണ്ട് ജനാധിപത്യം നിലനില്‍ക്കുന്നു.

ലളിതമായി ഒന്നു വിലയിരുത്താം. ഒരു പ്രാദേശിക ലേഖകന്‍ അയാളുടെ ജീവിതകാലത്ത് തന്റെ പ്രവര്‍ത്തനമേഖലയില്‍ കണ്ടെത്തിയും ജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും എഴുതിയും കാണിച്ചും പൊതുജനശ്രദ്ധയിലെത്തിച്ച് പരിഹരിച്ച വികസന ആവശ്യങ്ങളുടെ പത്തിലൊന്നുപോലും സ്ഥലം എംഎല്‍എ യോ പഞ്ചായത്ത് പ്രസിഡണ്ടോ ചെയ്തിട്ടുണ്ടോ ? ജനങ്ങളുടെ പണം ചെലവിടുന്നയാള്‍ എന്നതിനപ്പുറം എന്ത് പ്രാധാന്യമാണ് ഉള്ളത് ? പക്ഷേ അവര്‍ അനുഭവിക്കുന്ന സൗകര്യങ്ങളും പ്രതിഫലവും എത്രയാണ്? വികസനത്തിന്റെ യഥാര്‍ത്ഥ ശില്‍പികള്‍ നാമമാത്ര പ്രതിഫലവും പറ്റി ഏറെക്കുറെ നിസ്വാര്‍ത്ഥമായി സമൂഹത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരാണ്. എഴുതിയും കാണിച്ചും താന്‍ ജീവിക്കുന്ന സമൂഹത്തിന്റെ ആവശ്യങ്ങളുടെ വക്താവാകുന്നതിന്റെ ആവേശവും സംതൃപ്തിയുമാണ് അതിന്റെ പ്രേരണ. അവരുടെ ജീവിതം സാമൂഹ്യപ്രവര്‍ത്തകന്റേതാണ്. തൊഴില്‍ എന്നതിനേക്കാള്‍ ഒരു ദൗത്യമാണ് മാധ്യമ പ്രവര്‍ത്തനം. ഡല്‍ഹിയോ മുത്തങ്ങയോ ഏതുമാകാം രംഗവേദി. ജനങ്ങളെ പ്രതിനിധീകരിച്ച് അവിടെ ഹാജരുള്ള മാധ്യമപ്രവര്‍ത്തകരിലൂടെയാണ് സമൂഹം എല്ലാം അറിയുന്നത്.

ഇനി നമുക്ക് കോവിഡ് കാലത്തെ മാധ്യമ പ്രവര്‍ത്തക ജീവിതം പരിശോധിക്കാം. പരസ്യവും വരുമാനവും ഇല്ലാതെ മാധ്യമങ്ങള്‍ പ്രതിസന്ധിയിലായി. പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍, ശമ്പളമില്ലാതെ ജോലി ചെയ്യല്‍, കോവിഡ് മരണങ്ങള്‍, കോവിഡാനന്തര ദുരിതങ്ങള്‍, ജീവിതപ്രയാസങ്ങള്‍ .

പക്ഷെ ഇതിനെല്ലാമിടയിലും എല്ലാം എല്ലാവരെയും അറിയിച്ചു കൊണ്ടാണ് ഇരുന്നത്. കോവിഡ് അവബോധം സൃഷ്ടിക്കുന്നതില്‍ 90% ജോലിയും ചെയ്തത് മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരുമാണ് . 144-ഉം ലോക്ക്ഡൗണും ആയിരുന്നപ്പോഴും അവര്‍ ജോലി ചെയ്യുകയായിരുന്നു. പിപിഇ കിറ്റ് ഇല്ലാതെ വെറുമൊരു മാസ്‌കിന്റെ മാത്രം സുരക്ഷിതത്വത്തില്‍ കോവിഡ് ശവങ്ങളെ അടുക്കിയിട്ടിരിക്കുന്ന മോര്‍ച്ചറിയില്‍ വരെ അവര്‍ കടന്നു ചെന്നു. കോവിഡ് രോഗിയെയും രോഗം വന്നു മരിച്ചയാളെയും ആശുപത്രികളില്‍ ഒന്നിച്ചു കിടത്തിയ ദൃശ്യങ്ങളും നാടറിഞ്ഞു.

ദുരന്തനിവാരണ പ്രവര്‍ത്തനമായതിനാല്‍ ടെന്‍ഡര്‍ ഇല്ലാതെ നടപടിക്രമങ്ങള്‍ ഇല്ലാതെ ഇഷ്ടംപോലെ ചിലവിടുന്ന കാലമാണ് കോവിഡിന്റേത്. അതിന്റെ കഥകളും ലോകമറിഞ്ഞു. ഇതെല്ലാം സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ നിസ്വാര്‍ത്ഥമായ ആവേശത്താലാണ് മാധ്യമപ്രവര്‍ത്തകര്‍ നിര്‍വഹിച്ചത്.

സമൂഹവും അതിന്റെ സമ്പത്തിനേയും അധികാരത്തേയും പ്രതിനിധീകരിക്കുന്ന സര്‍ക്കാരുകളും മാധ്യമപ്രവര്‍ത്തകര്‍ക്ക് തിരികെ എന്തു നല്‍കി? ഒന്നും നല്‍കിയില്ല. എല്ലാവിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഒരു കോവിഡ് പാക്കേജ് പ്രഖ്യാപിക്കാമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വെല്‍ഫെയര്‍ ഫണ്ടില്‍ കൂടുതല്‍ പണം വകയിരുത്താമായിരുന്നു. എന്തിന്, മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ ഗുരുതരമായ കുറ്റമായി പ്രഖ്യാപിക്കുന്ന നിയമം മോക്ഷം കാത്ത് പാര്‍ലമെന്റിലെ സബ്കമ്മിറ്റി മുമ്പാകെയുള്ളത് പൊടിതട്ടിയെടുക്കാമായിരുന്നു. ഒന്നുമുണ്ടായില്ല.

പക്ഷെ സമൂഹം അടങ്ങിയിരിക്കുന്നില്ല. മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും എല്ലാം കണ്‍തുറന്നിരിക്കുമ്പോഴുള്ള കഥ സമൂഹം തിരിച്ചറിയുന്നുണ്ട്. മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും കണ്ണടയ്ക്കുന്ന കാലത്തെ ഇരുട്ട് എത്ര ഭയാനകമാണെന്നും സാമൂഹ്യബോധത്തോടെ ചിന്തിക്കുന്നവര്‍ തിരിച്ചറിയുന്നുണ്ട്.

ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888

Share