മലയാളം ഔദ്യോഗിക ഭാഷയാവുന്നതിന് ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ അനുമതി

ന്യൂഡല്‍ഹി: മലയാളം ഔദ്യോഗിക ഭാഷയാക്കുന്നതിനുള്‍പ്പെടെ കേരളം 2015-ല്‍ പാസാക്കിയ മലയാള ഭാഷ (വ്യാപനവും പരിപോഷണവും) ബില്ലിന് അംഗീകാരം ലഭിക്കാന്‍ ഇനി വേണ്ടത് കേന്ദ്ര വിദ്യാഭ്യാസവകുപ്പിനു കീഴിലെ സ്‌കൂള്‍ എജ്യുക്കേഷന്‍ ഡിവിഷന്റെ അനുമതി.

നിയമസഭ പാസാക്കിയ ഭാഷാ പ്രോത്സാഹന ബില്ലില്‍ പ്രാഥമിക വിദ്യാഭ്യാസകാര്യത്തില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് (തമിഴും കന്നഡയും ഉള്‍പ്പെടെ) ഭരണഘടനപ്രകാരം ലഭിക്കേണ്ട അവകാശം ഹനിക്കപ്പെടുന്നുണ്ടോ എന്ന സംശയത്തിലാണ് അന്നത്തെ ഗവര്‍ണര്‍ പി. സദാശിവം ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചത്. സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനം ബില്‍ പാസാക്കിയതെങ്കിലും ഈ വിഷയത്തില്‍ കണ്‍കറന്റ് സ്വഭാവം (സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമനിര്‍മാണത്തില്‍ ഉത്തരവാദിത്വമുള്ള) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടിയായിരുന്ന ഗവര്‍ണര്‍ കണ്ടെത്തുകയായിരുന്നുവെന്നാണറിയുന്നത്.

രാഷ്ട്രപതിയുടെ അംഗീകാരത്തിന് സമര്‍പ്പിക്കാനെത്തിയ ബില്ലില്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്തണമെന്ന് ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു. സംസ്ഥാനസര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാഭ്യാസഡിവിഷനുമായി ആശയവിനിമയം നടത്തി മറുപടിനല്‍കിയാല്‍ ഫയല്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് കൈമാറുമെന്ന് സംസ്ഥാനനിയമവകുപ്പിനെ 2019-ല്‍ അറിയിച്ചതായാണ് ആഭ്യന്തരമന്ത്രാലയത്തില്‍നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ സംസ്ഥാന നിയമവകുപ്പ് തുടര്‍നടപടി സ്വീകരിക്കുന്നത് കോവിഡ് ആയതോടെ മുടങ്ങിയതായാണ് സൂചന. ഇതുകാരണം കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഇപ്പോഴും ഇംഗ്ലീഷോ മലയാളമോ ആയി തുടരുകയാണ്.

Share
അഭിപ്രായം എഴുതാം