അശോകേശ്വരം ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളമായ വടക്കേച്ചിറ ടൂറിസത്തിന്റേതെന്ന് തെളിയിച്ചു ദേവസ്വം ബോർഡ്. ഭക്തജനങ്ങളുടെ ദീപാവലിയോടനുബന്ധിച്ച മഹാ ആരതിയും നാമജപ ഘോഷയാത്രയും തടഞ്ഞു

തൃശ്ശൂർ: അശോകേശ്വരം ക്ഷേത്രത്തിൻറെ തിരുനടയിൽ നിന്നും ആരതിയുമായി ക്ഷേത്രക്കുളത്തിനു ചുറ്റും നാമപ്രദക്ഷിണം നടത്തുന്ന ഭക്തജനങ്ങളെ കൊച്ചിൻ ദേവസ്വം ബോർഡിൻറെ നിർദ്ദേശത്താൽ പോലീസ് തടഞ്ഞു. 14 – 11 – 2021, വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. തൃശ്ശിവപേരൂർ നഗര പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭക്തജനങ്ങൾ സാമൂഹ്യ ആരാധനയും,മഹാ ആരതിയും നടത്തി. അശോകേശ്വരം ക്ഷേത്രത്തിന്റെ തിരുനടയിൽ നിന്നും ആരതിയുമായി ക്ഷേത്രക്കുളപ്രദക്ഷിണം നടത്തുമ്പോൾ പോലീസ് തടഞ്ഞു. തുടർന്ന് തടഞ്ഞ സ്ഥലത്ത് പ്രദക്ഷിണം പൂർത്തിയാക്കാതെ കർപ്പൂരാരതിയും, നാമജപ ഘോഷവും നടത്തി ആരതി സംഘം ക്ഷേത്രത്തിലേക്ക് മടങ്ങുകയായിരുന്നു.

അശോകേശ്വരം ക്ഷേത്രത്തിന്റെ ക്ഷേത്രക്കുളവും, ആറാട്ടുകുളവുമായ വടക്കേച്ചിറയിൽ ആചാര ലംഘനം നടത്തി ബോട്ടിങ്ങും, ഭക്ഷണശാലയും ആരംഭിച്ച് ക്ഷേത്ര സങ്കേതത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി ക്ഷേത്ര ചൈതന്യത്തിന് കളങ്കം വരുത്തിയ കൊച്ചിൻ ദേവസ്വം ബോർഡിന്റെ ക്ഷേത്ര വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധമറിയിച്ചിരുന്നു.

പൊതുജനങ്ങൾക്കായി വടക്കേച്ചിറ ബോട്ടിംഗിനും ആഘോഷത്തിനുമായി വിട്ടുകൊടുത്ത ദേവസ്വം ബോർഡാണ് ഭക്തജനങ്ങളെ നാമജപപ്രദക്ഷിണത്തിൽ നിന്ന് തടഞ്ഞത്. ഇതു തെളിയിക്കുന്നത് ക്ഷേത്രക്കുളം പോതുജനങ്ങളുടെ ആഘോഷത്തിനു മാത്രമാണ് ക്ഷേത്രത്തിനോ പൂജാരിക്കോ ഭക്തജനങ്ങൾക്കോ ഉള്ളതല്ല എന്നതാണ്.


കേരളത്തിൽ രാഷ്ട്രീയപാർട്ടികളുടെ പരിപാടികളും, മറ്റു മതവിശ്വാസികളുടെ പരിപാടികളും യഥേഷ്ടം നടക്കുമ്പോൾ ഹിന്ദുക്കൾ പുണ്യദിനങ്ങളിൽ ധാർമ്മിക പരിപാടികൾ നടത്തുമ്പോൾ പോലും പോലീസ് തടയുന്നത് ഹിന്ദു സമൂഹം പൊറുക്കില്ലെന്ന് മഹാ ആരതി ഉദ്ഘാടനം ചെയ്ത് ശബരിമല അയപ്പ സേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി.കെ.വിശ്വനാഥൻ പറഞ്ഞു.

ദീപാവലി അധർമ്മത്തിന്മേൽ ധർമ്മം വിജയം നേടിയ ദിവസമാണെന്നും ക്ഷേത്ര സങ്കേതത്തെ പാപപങ്കിലമാക്കിയ അധാർമ്മിക ശക്തികളെ തോൽപ്പിക്കാൻ ദീപാവലി പ്രചോദനമാകട്ടെയെന്ന് ദീപാവലി സന്ദേശം നൽകിയ ആർ.എസ്.എസ്. പ്രാന്തീയ സഹ ഗ്രാമവികാസ് പ്രമുഖ് പി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

പൈതൃക സംരക്ഷണ സമിതി നേതാക്കളായ കെ.സതീഷ് ചന്ദ്രൻ, പി.സുധാകരൻ, വി.മോഹനകൃഷ്ണൻ, സി.കെ. മധു, പി.കെ.രാജൻ, സി.ബി.പ്രദീപ് കുമാർ , മോഹൻ മേനോൻ , മുരളി കോളങ്ങാട്ട് എന്നിവർ മഹാ ആരതിക്ക് നേതൃത്വം നൽകി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →