കണ്ണൂർ: ഇരകളാവുന്നതിലേറെയും ദുര്‍ബല വിഭാഗങ്ങളിലെ കുട്ടികള്‍: ഡി ഐ ജി

കണ്ണൂർ: ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള ശാരീരിക അതിക്രമങ്ങള്‍ കൂടുതലായും നേരിടുന്നത് ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികളും സ്ത്രീകളുമാണെന്ന് ഡി ഐ ജി കെ സേതുരാമന്‍ പറഞ്ഞു. വനിതാ കമ്മീഷന്‍ ജില്ലാ ജാഗ്രതാ സമിതി തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പ്രലോഭനങ്ങളില്‍പ്പെടുത്തിയാണ് കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നത്. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട 5500 ഓളം കുടുംബങ്ങള്‍ ജില്ലയിലുെണ്ടന്നാണ് കണക്ക്. ജനമൈത്രി പൊലീസ് ഇവരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് വേണ്ട ഭക്ഷണം, സ്‌കൂളില്‍ പോവാനുള്ള സൗകര്യം, താമസ സൗകര്യം എന്നിവ ലഭിക്കുന്നുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളും ഇതിന്റെ ഭാഗമായാല്‍ ഇടപെടലുകള്‍ ഫലപ്രദമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജനകീയ സമിതികളുടെ കൃത്യമായ ഇടപെടലുണ്ടായാല്‍ കുറ്റകൃത്യം നടക്കുന്നതിന് മുമ്പേ തടയാന്‍ സാധിക്കും. പലതിലും അറസ്റ്റിലാവുന്നത് സ്ഥിരം കുറ്റവാളികളാണ്. ഒരാള്‍ പരാതിപ്പെടുമ്പോള്‍ മാത്രമാണ്് മുമ്പുണ്ടായ സംഭവങ്ങളെപ്പറ്റി തുറന്ന് പറയാന്‍ മറ്റുള്ളവരും തയ്യാറാവുന്നത്. സ്ത്രീകള്‍ നേരിടുന്ന ഏതു തരത്തിലുള്ള അതിക്രമങ്ങളായാലും ആദ്യം തന്നെ തുറന്നു പറയുകയാണെങ്കില്‍ പിന്നീട് നടക്കുന്ന പല സംഭവങ്ങളും ഒഴിവാക്കാന്‍ സാധിക്കും. കൃത്യം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പോക്‌സോ കേസുകള്‍ പലതും പുറത്ത് വരുന്നത്. അതിക്രമം നേരിട്ട കാര്യം പെണ്‍കുട്ടികള്‍ വീട്ടുകാരെ അറിയിച്ചാല്‍ പേരുദോഷം ഭയന്ന് പലരും പൊലീസില്‍ പരാതിപ്പെടാറില്ല. ഇത്തരം ചിന്താഗതി മാറണം. പെണ്‍കുട്ടികള്‍ക്ക് പുറമെ ആണ്‍കുട്ടികളും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ട്. ജില്ലയിലെ തദ്ദേശസ്ഥാപന തലത്തില്‍ ജാഗ്രതാ സമിതികള്‍ ശക്തിയാര്‍ജിച്ചാല്‍ സ്ത്രീകള്‍ക്ക് പൂര്‍ണമായ സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കും. ഡി ഐ ജി പറഞ്ഞു.
വനിതാ കമ്മീഷന്‍ പ്രോഗ്രാം ഫക്കല്‍റ്റി എസ് ബിജു പരിശീലന ക്ലാസെടുത്തു. വനിതാ ഘടക പദ്ധതിയെക്കുറിച്ചുള്ള വിശദീകരണവും ഇതിന്റെ ഭാഗമായി നടന്നു.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ. ടി സരള, അഡ്വ. കെ കെ രത്‌നകുമാരി, യു പി ശോഭ, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ, ജില്ലാ ജാഗ്രതാ സമിതി അംഗം പി കെ ശ്യാമള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, ജില്ലാ ശിശു ക്ഷേമ ഓഫീസര്‍ ബീന ഭരതന്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →