പത്തനംതിട്ട: പട്ടികവര്‍ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന കോഴിവളര്‍ത്തല്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ 04 ന് വൈകിട്ട് നാലുമണിക്ക് കൊല്ലം കുരിയോട്ടുമല കമ്മ്യൂണിറ്റി ഹാളില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ 100 കോഴിയും, കൂടും വിതരണം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും.
കെപ്‌കോ മാനേജിംഗ് ഡയറക്ടര്‍ ഡോ. വിനോദ് ജോണ്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ഷുമിന്‍ എസ്. ബാബു, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ജയന്‍ ജില്ലാപഞ്ചായത്തംഗം സുനിത, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോമലുണ്ണി, വാര്‍ഡ് അംഗം ജെസി തോമസ്, കുരിയോട്ടുമല ഊരുമൂപ്പന്‍ എസാക്കി, കെപ്‌കോ ഫിനാന്‍സ് മാനേജര്‍ എം. പി. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഓരോ ഗുണഭോക്താവിനും ബി.വി 380 ഇനത്തില്‍പ്പെട്ട 125 ദിവസം പ്രായമായ നൂറ് കോഴിയും, നൂറ് കോഴികളെ വളര്‍ത്താന്‍ കഴിയുന്ന ഒരു കൂടും, 300 കിലോ കോഴിത്തീറ്റയും സൗജന്യമായി നല്‍കുന്നതാണ് ഈ പദ്ധതി. പദ്ധതിക്ക് ആവശ്യമായ ഒരു കോടി പത്ത് ലക്ഷം രൂപയില്‍ 99 ലക്ഷം രൂപ പട്ടികവര്‍ഗ വികസന വകുപ്പും 11 ലക്ഷം രൂപ സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനുമാണ് ലഭ്യമാക്കുന്നത്.
ഓരോ ഗുണഭോക്താവിനും 80,000 രൂപയുടെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്ന് പട്ടികവര്‍ഗ വികസന വകുപ്പ് തെരഞ്ഞെടുത്ത് നല്‍കിയിട്ടുളള ഗുണഭോക്താക്കള്‍ക്കാണ് കെപ്‌കോ ആനുകൂല്യങ്ങള്‍ നല്‍കുന്നത് കൊല്ലം ജില്ലയില്‍ നിന്നും ഇരുപതും, പത്തനംതിട്ട ജില്ലയില്‍ നിന്ന് 45, തൃശൂര്‍ ജില്ലയില്‍ നിന്നും 40 ഗുണഭോക്താക്കളുടെ ലിസ്റ്റ് ലഭ്യമായിട്ടുണ്ട്. പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ എത്രയും വേഗം പദ്ധതി നടപ്പാക്കും. ഈ സാമ്പത്തിക വര്‍ഷം തന്നെ പദ്ധതി പൂര്‍ത്തീകരിക്കും.