പരിയാരം : മോഷ്ടിച്ച സ്വര്‍ണാഭരണങ്ങളും പണവും തിരികെ നല്‍കി ഒരു കളളന്‍ .കൂടെ ഒരു കുറിപ്പും: “നിവര്‍ത്തികേടുകൊണ്ട് ചെയത തെറ്റിന് മാപ്പ്” പരിയാരം പഞ്ചായത്ത് വായാട് തിരുവട്ടൂര്‍ അഷറഫ് കൊട്ടോലയുടെ തറവാട്ടുവീട്ടിലാണ് കഴിഞ്ഞ ദിവസം രാവിലെ 3 കവറുകള്‍ കണ്ടത്. 1,91,500 രൂപയും നാലര പവന്റെ സ്വര്‍ണമാലയും 630 മില്ലിഗ്രാം സ്വര്‍ണതരികളുമാണ് കവറുകളില്‍ ഉണ്ടായിരുന്നത്.
കോവിഡ് കാലത്ത് നിവൃത്തികേടുകൊണ്ട് ചെയ്‌തുപോയതാണെന്നും പറ്റിയ തെറ്റിന് മാപ്പുചോദിക്കുന്നുവെന്നുമാണ് കത്തില്‍ എഴുതിയിരുന്നത്. ഇത് പലവീടുകളില്‍ നിന്നും മോഷ്ടിച്ച പണവും സ്വര്‍ണവുമായിരുന്നു. മോഷണം നടത്തിയ വീടുകളുടെ ഉടമകളുടെ പേരും ഓരോവീട്ടിലും എത്ര തുക വീതം തിരികെ നല്‍കാനുണ്ടെന്നുളള വിവരവും കത്തില്‍ രേഖപ്പെടുത്തിയിരുന്നു. വീട്ടുകാര്‍ ഇത് പരിയാരം പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് അത് കോടതിയില്‍ ഹാജരാക്കി.
ലോക്ക് ഡൗണ്‍ നാളുകളില്‍ പ്രദേശത്ത് അടയ്‌ക്ക ,റബര്‍,തുടങ്ങിയവയും സ്വര്‍ണാഭരണങ്ങളും മോഷണം പോയ സംഭവങ്ങള്‍ വ്യാപകമായിരുന്നു. അന്വേഷണം ഊര്‍ജിതമായതോടെ പ്രതി മോഷണ മുതല്‍ ഉപേക്ഷിച്ചതാവാം എന്നാണ് പോലീസിന്റെ നിഗമനം.