കാബൂൾ: മരിച്ചുവെന്ന അഭ്യൂഹങ്ങൾക്കിടെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുള്ള അഖുൻസാദ. കാണ്ഡഹാറിലെ ജാമിയ ദാരുൽ അലൂംഹക്കീമിയ മതപഠന സ്‌കൂളിൽ അഖുൻസാദ ഞായറാഴ്ച സന്ദർശനം നടത്തുമെന്ന് അടുത്ത വൃത്തങ്ങൾ റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
താലിബാന്റെ പരമോന്നത നേതാവെന്ന് അറിയപ്പെടുന്ന ഹൈബത്തുള്ള അഫ്ഗാനിൽ താലിബാൻ അധികാരത്തിലേറിയിട്ടും ഒരുവേദിയിലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. മരണപ്പെട്ടുവെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇതിനെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ഹൈബത്തുള്ളയുടെ രംഗപ്രവേശം. 2016ലാണ് താലിബാന്റെ പരമോന്നത നേതാവായി ഹൈബത്തുള്ളയ്ക്ക് അധികാരം ലഭിച്ചത്. താലിബാന്റെ രാഷ്ട്രീയ, മത, സൈനിക വിഭാഗത്തിന്റെ പരമാധികാരം ഹൈബതുള്ള അഖുൻസാദയ്ക്കാണ്.
അതേസമയം പൊതുപരിപാടികളിൽ പങ്കെടുത്തില്ലെങ്കിലും അഖുൻസാദ താലിബാന്റെ പ്രവർത്തനങ്ങളിലും ചർച്ചകളിലും സജീവമാണെന്നാണ് മറ്റ് താലിബാൻ വക്താക്കൾ പ്രതികരിക്കുന്നത്. താലിബാന്റെ മുൻ നേതാവായ മുല്ല ഒമറിന്റെ മരണവിവരം വർഷങ്ങളോളം താലിബാൻ പുറത്തുവിട്ടിരുന്നില്ല. ഇക്കാരണം കൊണ്ടുകൂടിയാണ് ഹൈബതുള്ള അഖുൻസാദ മരണപ്പെട്ടിട്ടുണ്ടാവാം എന്ന അഭ്യൂഹം പരന്നത്.