ഭാഷാമാർഗ്ഗനിർദ്ദേശക വിദഗ്ധസമിതി രൂപീകരിച്ചു

മലയാളഭാഷയിൽ ഏകീകൃത ഭാഷാരചനാസമ്പ്രദായം രൂപപ്പെടുത്തുന്നതിനും 1971-ലെ ലിപിപരിഷ്‌ക്കരണ ഉത്തരവ് പുനഃപരിശോധിക്കുന്നതിനും ഭാഷയിൽ പുതിയ വാക്കുകൾ കണ്ടെത്തി അംഗീകരിക്കുന്നതിനുമായി കേരളസർക്കാർ ഭാഷാമാർഗനിർദ്ദേശക വിദഗ്ധസമിതി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള ഔദ്യോഗികഭാഷ സംബന്ധിച്ച സംസ്ഥാനതലസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ഡോ. ടി.ബി. വേണുഗോപാലപ്പണിക്കർ, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി. സോമൻ, ഡോ. വി.ആർ. പ്രബോധചന്ദ്രൻ, പ്രൊഫ. വി. മധുസൂദനൻ നായർ, വൈസ്ചാൻസലർ, മലയാളസർവകലാശാല (എക്‌സ്-ഒഫീഷ്യോ), ശ്രീ. ചാക്കോ പൊരിയത്ത്, ഡോ. എൻ.പി. ഉണ്ണി, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി, കേരള യൂണിവേഴ്‌സിറ്റിയിലെ ലെക്‌സിക്കൻ വിഭാഗത്തിന്റെ പ്രതിനിധി, ഭാഷാവിദഗ്ധൻ, ഔദ്യോഗികഭാഷാവകുപ്പ് എന്നിവരാണ് വിദഗ്ധസമിതി അംഗങ്ങൾ.  ഔദ്യോഗികഭാഷാ വകുപ്പിലെ ഭാഷാവിദഗ്ധനാണ് സമിതിയുടെ സെക്രട്ടറി.  ഭാഷാമാർഗനിർദ്ദേശ വിദഗ്ധസമിതിയുടെ ശിപാർശകൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഔദ്യോഗികഭാഷ ഉന്നതതലസമിതി മുമ്പാകെയാണ് സമർപ്പിക്കേണ്ടത്.  ഭാഷാമാർഗനിർദ്ദേശക വിദഗ്ധസമിതി 2021 നവംബർ ഒന്നിന് നിലവിൽവരും.

Share
അഭിപ്രായം എഴുതാം