80:20 അനുപാതത്തില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: റദ്ദാക്കലില്‍ സ്റ്റേയില്ല

ന്യൂഡല്‍ഹി: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ് വിതരണത്തിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച അപ്പീലുകളില്‍ നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. സംസ്ഥാനത്തെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പില്‍ 80 ശതമാനവും മുസ്ലിം വിദ്യാര്‍ഥികള്‍ക്കായാണു നീക്കിവച്ചിരുന്നത്. ഇതു സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി, ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. സംസ്ഥാന സര്‍ക്കാര്‍, മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്‍ഡ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ്, എം.എസ്.എം. സംസ്ഥാന സമിതി എന്നിവരാണ് അപ്പീലുകളുമായി സുപ്രീം കോടതിയിലെത്തിയത്.സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ സി.യു. സിങ് ഹാജരായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, െഹെക്കോടതിയിലെ ഹര്‍ജിക്കാരനായ ജസ്റ്റിന്‍ പള്ളിവാതുക്കല്‍ എന്നിവരടക്കമുള്ള എതിര്‍കക്ഷികള്‍ക്കാണു നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കണം. ഹര്‍ജികള്‍ പരിഗണിച്ചയുടന്‍ തന്നെ, എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയക്കാമെന്നു കോടതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →