ബിനീഷ് കോടിയേരി ഇന്ന് മോചിതനാവും

ബംഗളൂരു: ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ജാമ്യം ലഭിച്ചെങ്കിലും ബിനീഷ് കോടിയേരി ജയില്‍മോചിതനായില്ല. ജാമ്യം നില്‍ക്കാനെത്തിയവര്‍ അവസാന നിമിഷം പിന്‍മാറിയതാണു ബിനീഷിന് തിരിച്ചടിയായത്. ജാമ്യവ്യവസ്ഥയിലുള്ള എതിര്‍പ്പാണ് കര്‍ണാടകക്കാരായ ജാമ്യക്കാര്‍ അവസാന നിമിഷം പിന്മാറാന്‍ കാരണമെന്നാണു സൂചന. പകരം ആളുകളെ എത്തിച്ചപ്പോഴേക്കും വിചാരണക്കോടതിയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സമയം കഴിഞ്ഞിരുന്നു.

കോടതിയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ മോചന ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് ലഭിക്കുകയുള്ളു. ജാമ്യക്കാരെ കോടതിയില്‍ വീണ്ടും ഹാജരാക്കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് ഉച്ചയോടെ മാത്രമേ ഇനി ബിനീഷിന് പുറത്തിറങ്ങാനാവൂ എന്നാണു വിവരം. അഞ്ചു ലക്ഷത്തിന്റെ രണ്ട് ആള്‍ജാമ്യത്തില്‍ വ്യാഴാഴ്ചയാണു കര്‍ണാടക െഹെക്കോടതി ബിനീഷിനു ജാമ്യം അനുവദിച്ചത്.അറസ്റ്റിലായി ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ആയിരുന്നു ജാമ്യം. ഇ.ഡി. അന്വേഷിക്കുന്ന കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.

Share
അഭിപ്രായം എഴുതാം