ന്യൂഡല്‍ഹി: കര്‍ഷകസമരം നടക്കുന്ന തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളില്‍നിന്ന് ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കി തുടങ്ങിയതോടെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ വില്ക്കാന് പാര്‍ലമെന്റിലേക്ക് പോകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്(ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ എവിടെയും വില്‍ക്കാമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. വിറ്റഴിക്കാത്ത വിളകള്‍ എവിടെവച്ച് വില്‍ക്കണമെന്ന് ഞങ്ങള്‍ കര്‍ഷകരോടു പറയും. റോഡുകള്‍ തുറന്നാല്‍ ഡല്‍ഹിയിലേക്കു പോകും. ഞങ്ങളുടെ വിളകള്‍ വില്ക്കാന് പാര്‍ലമെന്റിലേക്കു പോകും”- ടികായത്ത് പറഞ്ഞു.നേരത്തേ സ്ഥാപിച്ച തടസങ്ങള്‍ പോലീസ് തന്നെ നീക്കം ചെയ്തു. ഇനി സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുത്ത ശേഷം അതനുസരിച്ച് മുന്നോട്ടു പോകും. ഡല്‍ഹിയിലേക്കു പോകണമെന്ന ആവശ്യവുമായി ഞങ്ങള്‍ 11 മാസമായി ഇവിടെ ഇരിക്കുകയാണ്. അവിടേക്കു പോകാന്‍ ഞങ്ങളെ അനുവദിച്ചില്ല. വിളകള്‍ വില്ക്കാന് ഞങ്ങള്‍ ഡല്‍ഹിയിലേക്കു പോകും. ആദ്യം ട്രാക്ടറുകളായിരിക്കും ഡല്‍ഹിയിലേക്കു നീങ്ങുകയെന്നും അദ്ദേഹം വ്യക്തമാക്കി.
11 മാസമായി തുടരുന്ന കര്‍ഷകസമരം മൂലം ഡല്‍ഹി അതിര്‍ത്തിയില്‍ ഗതാഗത തടസമുണ്ടായതിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കാര്‍ഷിക നിയമങ്ങളെ നിയമപരമായി എതിര്‍ക്കാനും പ്രതിഷേധിക്കാനും കര്‍ഷകര്‍ക്ക് അവകാശമുണ്ടെങ്കിലും റോഡുകള്‍ അനിശ്ചിതമായി തടസപ്പെടുത്താന്‍ അവര്‍ക്ക് അവകാശമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ബാരിക്കേഡുകള്‍ നീക്കാന്‍ ഡല്‍ഹി പോലീസ് നടപടി തുടങ്ങിയത്. കര്‍ഷകരെയും ട്രാക്ടറുകളെയും തടയാന്‍ സ്ഥാപിച്ചിരുന്ന വലിയ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ ഉള്‍പ്പെടെയുള്ളവ ജെ.സി.ബിയുടെ സഹായത്തോടെ പോലീസ് നീക്കിത്തുടങ്ങി.

