രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വാഹനം നിരത്തിൽ ഇറക്കിയ ഡീലര്‍ക്ക് പിഴ നൽകിയ ഇടുക്കി ആർടിഒയുടെ നടപടി ശരിവച്ച് ഹൈക്കോടതി

കൊച്ചി: രജിസ്ട്രേഷൻ നടത്താത്ത പുതിയ വണ്ടി ഓഡോമീറ്റർ ഊരിയിട്ട ശേഷം നിരത്തിലോടിച്ച ഡീലറുടെ ട്രേഡ് സർട്ടിഫിക്കേറ്റ് റദ്ദ് ചെയ്ത ആർടിഒയുടെ നടപടി ശരിവച്ച് ഹൈക്കോടതി. തൊടുപുഴയിലെ ഇരുചക്രവാഹന ഡീലറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‍ത ഇടുക്കി ആർടിഒ ആർ രമണന്റെ നടപടിയാണ് ഹൈക്കോടതി ശരിവച്ചത്.

രജിസ്ട്രേഷൻ നമ്പർ ഇല്ലാത്ത രണ്ട് ഇരുചക്ര വാഹനങ്ങൾ തൊഴുപുഴയിൽ വച്ച് വാഹനപരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെൻറ് വിഭാഗം പിടികൂടിയതാണ് കേസിനാസ്‍പദമായ സംഭവം. നിലവിലെ മോട്ടോർ വാഹന നിയമം അനുസരിച്ച് വാഹനം നിരത്തിൽ ഇറക്കണമെങ്കിൽ ഡീലർഷിപ്പിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷമായിരിക്കണം. ഇല്ലെങ്കിൽ ഒരുലക്ഷം രൂപയാണ് പിഴ.

രജിസ്ട്രേഷൻ ഇല്ലെങ്കിൽ ഓരോ വാഹനത്തിനും വ്യത്യസ്‍തമായ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. എന്നാൽ തൊടുപുഴയിൽ പിടികൂടിയ രണ്ട് വാഹനങ്ങൾക്കും കൂടി ഒരു ട്രേഡ് സർട്ടിഫിക്കറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല, ഈ ട്രേഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് ഷോറൂം ജീവനക്കാരുടെ കൈവശം ഉണ്ടായിരുന്നില്ലെന്നും വാഹനങ്ങൾ ഓടിയ ദൂരം രേഖപ്പെടുത്തുന്ന ഓഡോമീറ്റർ കേബിളുകൾ ഊരിയിട്ട നിലയിലുമായിരുന്നുവെന്നും മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

അതോടെ എംവിഡി ഉദ്യോഗസ്ഥർ ഡീലർക്ക് ഒരുലക്ഷത്തിമൂവായിരം രൂപയുടെ പിഴ നോട്ടീസ് നൽകി. ഡീലർ പിഴ അടയ്ക്കാൻ തയ്യാറാകാത്തതിനാൽ ഇടുക്കി ആർടിഒ നോട്ടീസ് അയച്ചു. എന്നിട്ടും പിഴ അടച്ചില്ല. ഇതോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. പക്ഷേ കുറ്റം സമ്മതിച്ചിട്ടും ഡീലർ പിഴ അടയ്ക്കാൻ തയ്യാറായില്ല. ഒടുവിൽ ഡീലറുടെ ട്രേഡ് സർട്ടിഫിക്കറ്റ് ആർടിഒ റദ്ദാക്കുകയായിരുന്നു. ഒപ്പം വാഹൻ വെബ്‍സൈറ്റിൽ രജിസ്ട്രേഷനുള്ള ഡീലറുടെ പ്രവേശന ശ്രമങ്ങളും ആർടിഒ ബ്ലോക്ക് ചെയ്‍തു.

ഇതോടെ ട്രാൻസ്‍പോർട്ട് കമ്മീഷണർക്ക് അപ്പീൽ നൽകുന്നതിനു പകരം അപ്പീലുമായി ഡീലർ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചു. ട്രേഡ് സർട്ടിഫിക്കറ്റ് റദ്ദ് ചെയ്യാനും വാഹൻ വെബ്‍സൈറ്റ് ബ്ലോക്ക് ചെയ്യാനും ആർടിഒക്ക് അധികാരമില്ലെന്നായിരുന്നു ഹൈക്കോടതിയിൽ ഡീലറുടെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞു. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് മോട്ടോർ വാഹന വകുപ്പും ആർടിഒയും സ്വീകരിച്ച നടപടിയിൽ അപാകതയില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാരിനുവേണ്ടി സീനിയർ ഗവ പ്ലീഡർ ഹൈക്കോടതിയിൽ ഹാജരായി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →