മുംബൈ: ലഹരിക്കേസില്‍ ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്തതിനേത്തുടര്‍ന്ന് ആരോപണങ്ങള്‍ നേരിടുന്ന നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മേഖലാ ഡയറക്ടര്‍ സമീര്‍ വാങ്കഡെയ്ക്കു നീതിയാവശ്യപ്പെട്ട് ഭാര്യ ക്രാന്തി രഥ്കര്‍ വാങ്കഡെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കു കത്തയച്ചു. ട്വിറ്ററില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ടാഗ് ചെയ്താണു ക്രാന്തിയുടെ തുറന്നകത്ത്. തന്റെ വ്യക്തിജീവിതം വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കപ്പെടുകയാണെന്നും മറാത്തിയെന്ന നിലയില്‍ മുഖ്യമന്ത്രിയില്‍നിന്നു നീതി പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു. ഉദ്ധവിന്റെ പിതാവും ശിവസേന സ്ഥാപകനുമായ ”ബാലാസാഹേബ്” ബാല്‍താക്കറെ ജീവിച്ചിരുന്നെങ്കില്‍ സ്ത്രീകളുടെ അന്തസ്സിനുനേരേയുള്ള കടന്നാക്രമണം സഹിക്കില്ലായിരുന്നെന്നും ക്രാന്തി ചൂണ്ടിക്കാട്ടി.ഛത്രപതി ശിവജി മഹാരാജാവില്‍നിന്ന് പ്രചോദനമുള്‍ക്കൊള്ളുന്ന ഒരു ഭരണകൂടത്തിനു കീഴില്‍ സ്ത്രീകളുടെ അന്തസ് തമാശയായി മാറി. ഞാന്‍ ഒരു കലാകാരിയാണ്. രാഷ്ട്രീയം മനസിലാവുകയുമില്ല, അതില്‍ താത്പര്യവുമില്ല- മറാത്തി നടികൂടിയായ ക്രാന്തി പറഞ്ഞു.തന്റെയും കുടുംബത്തിന്റെയും സ്വകാര്യജീവിതത്തിനുനേരേ കടന്നാക്രമണം നടക്കുകയാണെന്നു ക്രാന്തി ആരോപിച്ചു. സമീര്‍ ഇസ്ലാമിലേക്കു മതംമാറിയയാളാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണു ജോലി നേടിയതെന്നും മഹാരാഷ്ട്ര മന്ത്രിയും എന്‍.സി.പി. നേതാവുമായ നവാബ് മാലിക് ആരോപിച്ചിരുന്നു. ആരോപണത്തിനു തെളിവായി, സമീറും ആദ്യഭാര്യ ഡോ. ഷബാന ഖുറേഷിയുമൊത്തുള്ള ചിത്രവും വിവാഹ സര്‍ട്ടിഫിക്കറ്റും നവാബ് ട്വീറ്റ് ചെയ്തു.നവാബിന്റെ ആരോപണത്തേത്തുടര്‍ന്നാണു സമീറിനെ പിന്തുണച്ച് ഭാര്യ ക്രാന്തി രംഗത്തുവന്നത്. ഹിന്ദു ദളിത് കുടുംബത്തിലാണു ജനിച്ചതെന്നും ഇപ്പോഴും ഹിന്ദുവാണെന്നും മന്ത്രിയുടെ ആരോപണത്തോടു സമീര്‍ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
വ്യക്തിഹത്യ നടക്കുന്നു, മറാത്തി എന്ന നിലയില്‍ നീതി തേടുന്നു: ഉദ്ധവ് താക്കറെയ്ക്ക് തുറന്ന കത്തയച്ച് വാങ്കഡെയുടെ ഭാര്യ
