തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷത്തിലും തുടർന്നുണ്ടായ ഉരുൾപൊട്ടലിലും ജീവൻ നഷ്ടപ്പെട്ടവരുടെ ആശ്രിതർക്ക് 5 ലക്ഷം ധന സഹായം നൽകുന്നതുൾപ്പെടെ നിർണായക തീരുമാനങ്ങളെടുത്ത് കേരളാ മന്ത്രിസഭ കാലവർഷക്കെടുതിയിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം സഹായം ധനം നൽകാനും ദുരന്തം ഉണ്ടായ വില്ലേജുകളെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കാനും യോഗത്തിൽ തീരുമാനമായി. പുറംപോക്ക് ഭൂമിയിൽ ഉൾപ്പെടെ താമസിച്ചിരുന്ന വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ നൽകും.പ്രകൃതിക്ഷോഭത്തിൽ 15 ശതമാനത്തിൽ അധികം തകർച്ച നേരിട്ട് പുറംപോക്ക് സ്ഥലത്ത് ഉൾപ്പെടെയുള്ള വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങളെ ദുരന്തബാധിത കുടുംബമായി പരിഗണിക്കും.
സംസ്ഥാനത്തെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകളുടെ കുറവ് പരിഹരിക്കാനും മന്ത്രി സഭാ യോഗത്തിൽ തീരുമാനം. പ്ലസ് വൺ അഡ്മിഷന് അധിക സീറ്റ് അനുവദിക്കും. ബാച്ചുകൾ ഷിഫ്റ്റ് ചെയ്യാനും താൽക്കാലിക ബാച്ചുകൾ അനുവദിക്കാനുംതീരുമാനിച്ചു.നിലവിൽ സീറ്റുകൾ കുറവുള്ളിടങ്ങളിൽ 10% ആയി ഉയർത്തും. നിലവിൽ 20 ശതമാനം സീറ്റ് വർദ്ധനവ് ഏർപ്പെടുത്തിയ 7 ജില്ലകളിൽ സീറ്റിൻറെ ആവശ്യകത ഉണ്ടാവുകയാണെങ്കിൽ സർക്കാർ സ്കൂളുകളിൽ 10 ശതമാനം സീറ്റ് വർദ്ധനവ് അനുവദിക്കും. ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ളതും സീറ്റ് വർദ്ധനവിന് അപേക്ഷ സമർപ്പിക്കുന്നതുമായ എയിഡഡ് സ്കൂളുകൾക്കും അൺ എയിഡഡ് സ്കൂളുകൾക്കും 10 ശതമാനം സീറ്റ് വർദ്ധന അനുവദിക്കും.
നേരത്തെ മാർജിനൽ സീറ്റ് വർദ്ധനവ് നൽകാത്ത ഏഴ് ജില്ലകളിൽ ആവശ്യകത അനുസരിച്ച് എല്ലാ സർക്കാർ സ്കൂളുകളിലും 20 ശതമാനം വരെ വർദ്ധനവ് അനുവദിക്കും. ഈ ജില്ലകളിൽ അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയിഡഡ് സ്കൂളുകൾക്കും അൺഎയിഡഡ് സ്കൂളുകൾക്കും നിബന്ധനകൾക്ക് വിധേയമായി മാർജ്ജിനൽ വർദ്ധനവിന്റെ 20 ശതമാനം സീറ്റ് വരെ വർദ്ധനവ് അനുവദിക്കും.
കാശ്മീരിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികൻ കൊല്ലം സ്വദേശി എച്ച്. വൈശാഖിന്റെ കുടുംബം വീടുനിർമ്മാണത്തിനായി എടുത്ത 27.5 ലക്ഷം രൂപ ബാങ്ക് വായ്പയിൽ അടക്കാൻ ബാക്കിയുള്ള തുകയിൽ സൈനികക്ഷേമ വകുപ്പിൽ നിന്ന് ലഭിക്കുന്ന 10 ലക്ഷം രൂപ കഴിച്ചുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നൽകാൻ തീരുമാനിച്ചു.
വൈദ്യുതാഘാതമേറ്റ് മരണപ്പെട്ട കൊല്ലം തൃക്കരുവ, കാഞ്ഞാവെളി സന്തോഷ് ഭവനിൽ സന്തോഷിന്റെ ഭാര്യ റംല, ശരത് ഭവനിൽ ശ്യാംകുമാർ എന്നിവരുടെ ആശ്രിതർക്ക് 5 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനിച്ചു. സന്തോഷ് റംല ദമ്പതികളുടെ മൂന്ന് പെൺമക്കളെയും ശ്യാംകുമാറിന്റെ രണ്ട് മക്കളെയും സ്നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തും. സന്തോഷ്- റംല ദമ്പതികളുടെ കുട്ടികൾക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച് നൽകുവാനും തീരുമാനിച്ചു.

