ഇതു രാഷ്ട്രീയക്കളരിയല്ല. ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി

ന്യൂഡല്‍ഹി: കോടതിമുറിയില്‍ വാക്യുദ്ധം നടത്തുകയല്ല, ക്രിയാത്മക ഇടപെടലാണ് ഇപ്പോള്‍ ആവശ്യം. എല്ലാവരും അവരവരുടെ കടമ ആത്മാര്‍ഥമായും ഗൗരവമായും നിര്‍വഹിക്കുക. വാദകോലാഹലമുയര്‍ത്താന്‍ ഇതു രാഷ്ട്രീയക്കളരിയല്ല. ജനങ്ങളുടെ ജീവന്റെ പ്രശ്നമാണ്. ഏതെങ്കിലും ഒരുകക്ഷിയുടെ നിഷ്‌ക്രിയത്വമാണു വിഷയത്തില്‍ കോടതിയുടെ ഇടപെടല്‍ അനിവാര്യമാക്കിയതെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രിംകോടകി. ജലനിരപ്പ് സംബന്ധിച്ച കേസ് പരിഗണിച്ച ശേഷം ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ പറഞ്ഞതാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തില്‍ മതിയായ മേല്‍നോട്ടമില്ലാത്തതിന്റെ ആശങ്ക ചൂണ്ടിക്കാട്ടി ഡോ. ജോയ് ജോസഫ് സമര്‍പ്പിച്ച ഹര്‍ജി കോടതിക്കു മുന്നിലുണ്ട്.ജലനിരപ്പ് പരമാവധി 142 അടിയായി ഉയര്‍ത്താമെന്നു സുപ്രീം കോടതി 2014ല്‍ വ്യക്തമാക്കിയിരുന്നു. ഇടക്കാല നീക്കുപോക്കെന്ന നിലയില്‍, 139 അടിയില്‍ കൂടരുതെന്നു 2018-ലെ വിധിയുമുണ്ട്. ജലനിരപ്പ് 137 അടിയിലെത്തിയെന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുക്കണമെന്നും കേരളത്തിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത വാദിച്ചു. 139 അടിയില്‍ കൂടാന്‍ അനുവദിക്കരുത്. കേസ് പരിഗണിക്കുന്ന അടുത്ത തീയതിവരെയെങ്കിലും ജലനിരപ്പ് 137 അടിയില്‍ നിലനിര്‍ത്താന്‍ തമിഴ്നാടിനോടു നിര്‍ദേശിക്കണമെന്നും കേരളം അഭ്യര്‍ഥിച്ചു. ജലനിരപ്പ് 142 അടിയാക്കാമെന്ന 2014-ലെ ഉത്തരവില്‍ ഊന്നിയായിരുന്നു തമിഴ്നാടിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ വി. കൃഷ്ണമൂര്‍ത്തിയുടെ വാദം. 25-നു രാവിലെ ഒന്‍പതിന് ജലനിരപ്പ് 137.2 അടിയാണ്. കേരളവുമായും മേല്‍നോട്ടസമിതിയുമായും ചര്‍ച്ചയ്ക്കു തയാറാണെന്നും തമിഴ്നാട് വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →