തിരുവനന്തപുരം: ഒക്ടോബര്‍ 27 വരെ സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത

തിരുവനന്തപുരം: തെക്കന്‍ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാത ചുഴി ലക്ഷദ്വീപിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഒക്ടോബര്‍ 23നും ഒക്ടോബര്‍ 24നും സംസ്ഥാനത്ത് വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തുലാവര്‍ഷത്തിന് മുന്നോടിയായി, ബംഗാള്‍ ഉള്‍ക്കടലിലും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി ഒക്ടോബര്‍ 25 മുതല്‍ 27 വരെ ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 26ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഒക്ടോബര്‍ 27 വരെ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കാന്‍ പാടില്ല. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തണം.

അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിത്താമസിക്കണം.

കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുണ്ടാകുന്ന അപകടം ശ്രദ്ധയില്‍ പെട്ടാല്‍ കെ.എസ്.ഇ.ബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കണം.

പത്രം, പാല്‍ വിതരണക്കാരും അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവരും വഴികളിലെ വെള്ളക്കെട്ടുകളില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം. അപകടം സംശയിക്കുന്നപക്ഷം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് അപകടം ഇല്ലെന്ന് ഉറപ്പ് വരുത്തി മാത്രം മുന്നോട്ട് പോകണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →