തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷ കെടുതികള്‍ കണക്കിലെടുത്ത് മാറ്റിവച്ചിരുന്ന പ്ലസ് വണ്‍ പരീക്ഷ 2021 ഒക്ടോബര്‍ 26ന് നടത്താന്‍ തീരുമാനിച്ചു. ഒക്ടോബര്‍ 18ന് നടത്തേണ്ട പരീക്ഷയായിരുന്നു കനത്ത മഴയെ തുടര്‍ന്ന് മാറ്റി വച്ചത്. പരീക്ഷയുടെ സമയ ക്രമത്തില്‍ മാറ്റമുണ്ടാവില്ലെന്ന് ഹയര്‍ സെക്കന്ററി വകുപ്പ് അറിയിച്ചു.
അതേസമയം കാലവര്‍ഷക്കെടുതി മൂലം മാറ്റിവച്ച പിഎസ് സി പരീക്ഷ ഒക്ടോബര്‍ 28ന് നടത്തും . 21ന് നടത്താനിരുന്ന അസിസ്‌റ്റന്റ് എഞ്ചിനീയര്‍ സിവില്‍ പരീക്ഷയാണ് 28ന് നടത്തുന്നത്. പരീക്ഷക്ക് നേരത്തെ ലഭ്യമായ അഡ്‌മിഷന്‍ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്ന് പിഎസ് സി വ്യക്തമാക്കി. അതേസമയം 23ന് നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പരീക്ഷ മാറ്റി വച്ചു. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി എസ് സി അറിയിച്ചു. എന്നാല്‍ ഒക്ടോബര്‍ 30 നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന പരീക്ഷയില്‍ മാറ്റമില്ലെന്നും പിഎസ്.സി വ്യക്തമാക്കി.

